തിരുവനന്തപുരം :ബജറ്റ് നിരാശജനകവും കേരള വിരുദ്ധവുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്ര ബജറ്റ് പുരോഗമിക്കവെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു ധനമന്ത്രി. പ്രതീക്ഷയോടെ കാത്തിരുന്ന ബജറ്റായിരുന്നുവെന്നും മുന്നണി എന്ന നിലയിൽ മോദി സർക്കാരിന്‍റെ രാഷ്ട്രീയ നേട്ടത്തിനായുള്ള ബജറ്റാണെന്നും കെ എൻ ബാലഗോപാൽ വിമർശിച്ചു.
എൻഡിഎ സഖ്യത്തിന്‍റെ ജീവൻ രക്ഷിക്കാനുള്ള ബജറ്റാണിതെന്നും മന്ത്രി ആരോപിച്ചു. ഫെഡറലിസമെന്ന് പറയാൻ മോദി സർക്കാരിന് യാതൊരു അർഹതയുമില്ലെന്ന് ബജറ്റ് വ്യക്തമാക്കുന്നു. മുന്നണിയിലെ മറ്റ് പാർട്ടികൾക്ക് വേണ്ടി മാത്രമുള്ള ബജറ്റിൽ ഭക്ഷ്യ സബ്‌സിഡിയുടെ ഭാഗത്ത് 2,05,000 കോടിയുടെ കുറവുണ്ടായി. അതുപോലെ 2,51,000 കോടിയുടെ വളത്തിന്‍റെ സബ്‌സിഡി 1,66,000 കോടിയായി വെട്ടിക്കുറച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അങ്കണവാടികൾക്ക് നൽകിയ തുകയിലും കുറവുണ്ടായി. ദാരിദ്ര്യ നിർമാർജനത്തിനുള്ള തുകയും ബജറ്റിൽ വെട്ടിക്കുറച്ചു. കേന്ദ്ര സർക്കാരിൽ നിരവധി ഒഴിവുകൾ നിലനിൽക്കുമ്പോഴും തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാൻ ബജറ്റിൽ സംവിധാനമില്ല. ബിഹാറിനും ആന്ധ്രയ്ക്കുമൊപ്പം കേരളവും പ്രത്യേക പാക്കേജ് ചോദിച്ചിരുന്നു. എന്നാൽ വിഴിഞ്ഞത്തിന് യാതൊരു പരിഗണനയും ലഭിച്ചില്ലെന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കി.