തിരുവനന്തപുരം :ഇന്ന് (മാര്‍ച്ച് 4) മുതല്‍ട്രഷറിയിൽ നിന്ന് പണം ലഭിച്ച് തുടങ്ങുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. നിലവില്‍ ഒറ്റയടിക്ക് പണം എടുക്കുന്നതിന് സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടെന്നും രണ്ട്, മൂന്ന് ദിവസത്തിനുള്ളിൽ ആ പ്രശ്‌നവും പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി കെഎന്‍ ബാലഗോപാല്‍.
ചരിത്രത്തിൽ ആദ്യമായി ശമ്പളം മുടങ്ങിയെന്ന പ്രചരണം തെറ്റാണ്. എന്നാൽ ചരിത്രത്തിലാദ്യമായാണ് മാർച്ച് മാസത്തിൽ സംസ്ഥാനത്തിന് നൽകേണ്ട പണം കേന്ദ്രം നൽകാതിരിക്കുന്നത്. അതാണ് വാർത്തയാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
കോടതിയിൽ പോയതിൻ്റെ പേരിൽ കേന്ദ്രം പണം തടയുകയാണ്. ലഭിക്കാനുള്ള 13,608 കോടി രൂപ തരണമെങ്കിൽ കേസ് പിൻവലിക്കണമെന്ന് കേന്ദ്രം നിലപാട് എടുത്തു. മിസ് മാനേജ്മെൻ്റിൻ്റെ പ്രശ്‌നമല്ല ഇവിടുത്തേത്. കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക സ്ഥിതിയേക്കാൾ മെച്ചമാണ് സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയെന്ന് ഐഎംഎഫിന്‍റെ റിപ്പോർട്ട് വന്നിട്ടുണ്ട്.
സംസ്ഥാനത്തിന് കാര്യങ്ങള്‍ അഡ്‌ജസ്റ്റ് ചെയ്യുന്നതിന് പരിധിയുണ്ട്. 50 ലക്ഷം വരെയൊക്കെ നമുക്ക് വേണമെങ്കിൽ മറിയ്‌ക്കാനാകും. 10,000 കോടിയൊക്കെ മറിക്കാൻ പറ്റുമോയെന്നും മന്ത്രി ചോദിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരം കിടക്കാതെ യുഡിഎഫ് രാജ്ഭവന് മുന്നിൽ പോയി സമരം ചെയ്യണമെന്നും കേന്ദ്രം ഫണ്ട് തടഞ്ഞുവയ്‌ക്കുന്നതിൽ കേരളത്തിലെ കോൺഗ്രസിന്‍റെ നിലപാട് എന്താണെന്നും മന്ത്രി ചോദിച്ചു.
സംസ്ഥാനങ്ങളെ റെഗുലറ്റ് ചെയ്യേണ്ട കേന്ദ്രം അവകാശപ്പെട്ട ഫണ്ട് തടയുകയാണ്. ശമ്പളത്തിൻ്റെയോ പെൻഷൻ്റെയോ പ്രശ്‌നം മാത്രമല്ല. ഇത് സാധാരണക്കാരുടെ ജീവിതത്തെ വരെ ബാധിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.