പാലക്കാട്:ഇരട്ടവോട്ട് വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ ബിജെപി ജില്ലാ പ്രസിഡൻ്റ് കെഎം ഹരിദാസ് വോട്ട് രേഖപ്പെടുത്തിയില്ല. സുൽത്താൻപേട്ട ജിഎൽപി സ്‌കൂളിലാണ് കെഎം ഹരിദാസ് വോട്ട് ചെയ്യേണ്ടിയിരുന്നത്. കെഎം ഹരിദാസ് വോട്ട് ചെയ്യാൻ എത്തിയാൽ യുഡിഎഫിന്‍റെ പോളിങ് ഏജന്‍റ് ഒബ്‌ജക്ഷൻ ഉന്നയിക്കുമെന്ന് യുഡിഎഫ് അറിയിച്ചിരുന്നു. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ നിര്‍ദേശ പ്രകാരമാണ് വോട്ട് ചെയ്യേണ്ടതില്ല എന്ന നിലപാട് സ്വീകരിച്ചതെന്ന് ഹരിദാസ് പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സ്വന്തം നാടായ പട്ടാമ്പി കൊപ്പത്താണ് കെഎം ഹരിദാസ് വോട്ട് ചെയ്‌തത്. അതിന് ശേഷമാണ് ഹരിദാസിൻ്റെ പേര് പാലക്കാട്ടെ വോട്ടർ പട്ടികയിൽ ചേർത്തത്. ബിജെപി ജില്ല കമ്മിറ്റി ഓഫിസിൽ സ്ഥിരതാമസക്കാരനാണ് എന്ന് കാണിച്ചാണ് അദ്ദേഹത്തെ വോട്ടർ പട്ടികയിൽ ചേർത്തത്. ഇതിനെതിരേ എൽഡിഎഫും യുഡിഎഫും പരാതി നൽകിയിരുന്നു. പാലക്കാട്ടെ ഇരട്ട വോട്ട് വിവാദത്തിൻ്റെ കേന്ദ്രബിന്ദുവായിരുന്നു ഹരിദാസിൻ്റ പേര്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം.
നഗരത്തിലെ സുൽത്താൻ പേട്ട സ്‌കൂളിലെ ബൂത്തിൽ ഹരിദാസ് വോട്ടു ചെയ്യാൻ എത്തുകയാണെങ്കിൽ പ്രതിഷേധിക്കാൻ രാവിലെ മുതൽ എൽഡിഎഫിൻ്റേയും യുഡിഎഫിൻ്റേയും പ്രവർത്തകർ സ്‌കൂൾ പരിസരത്ത് കാവൽ ഉണ്ടായിരുന്നു. ഉച്ച മുതൽ വികെ ശ്രീകണ്‌ഠൻ എംപിയും സ്ഥലത്ത് തമ്പടിച്ചിരുന്നു. ഹരിദാസ് വോട്ട് ചെയ്‌താൽ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു എംപിയുടെ പ്രഖ്യാപനം. കൊപ്പത്തെ വോട്ട് റദ്ദാക്കാതെ ഹരിദാസിന്‍റെ പേര് പാലക്കാട്ടെ വോട്ടർ പട്ടികയിൽ ചേർത്തത് ഗുരുതരമായ കുറ്റമാണെന്നായിരുന്നു എംപിയുടെ ആരോപണം.
എൽഡിഎഫും ബിജെപി ജില്ല പ്രസിഡൻ്റിനെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വോട്ട് ചെയ്യാനെത്തിയാൽ ഹരിദാസിനെ തടയുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും എന്നായിരുന്നു മന്ത്രി എംബി രാജേഷിൻ്റെ പ്രഖ്യാപനം. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് പ്രദേശത്ത് വൻ സന്നാഹമാണ് ഏർപ്പെടുത്തിയിരുന്നത്.
Also Read:'ഇരട്ടവോട്ട് തടയും, ബിജെപി ജില്ലാ പ്രസിഡന്‍റ് ഉൾപ്പെടെയുള്ളവർ മാന്യത കാണിക്കണം'; പി സരിൻ