തിരുവനന്തപുരം:ഓണത്തിന് ഖാദി ഉത്പന്നങ്ങളുടെ വിൽപന വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് വമ്പന്‍ പദ്ധതികളാണ് ഖാദി ബോര്‍ഡ് രൂപം നൽകിയിട്ടുള്ളതെന്ന് ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍. ഓണത്തിന് ഖാദി ബോര്‍ഡില്‍ നിന്നും 25,000 സെറ്റ് മുണ്ടിനും ഡബിള്‍ മുണ്ടിനും കെഎസ്എഫ്ഇ ഓര്‍ഡര്‍ നൽകിയതായി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു.
കെഎസ്എഫ്ഇയുടെ ഗ്യാലക്‌സി ചിട്ടി നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് നൽകാനാണിത്. ഖാദി ബോര്‍ഡിൻ്റെ ഓണം വിപണന മേള ഓഗസ്റ്റ് 19 ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപയുടെ ക്രെഡിറ്റ് സൗകര്യവും മേളയിലുണ്ടാകും.
ഓണവിപണിയില്‍ സമ്മാന പദ്ധതിയായി ജില്ലകളില്‍ ആഴ്‌ചയിലൊരിക്കല്‍ നറുക്കെടുപ്പ് നടത്തും. ആയിരം രൂപയ്ക്ക് ഉത്പന്നം വാങ്ങിയാല്‍ ലഭിക്കുന്ന കൂപ്പണിലൂടെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം 5000 രൂപയും, രണ്ടാം സമ്മാനം 3000, മൂന്നാം സമ്മാനം 1000 രൂപയുടെയും ഖാദി ഉത്പന്നങ്ങള്‍ സമ്മാനമായി ലഭിക്കും. കഴിഞ്ഞ വര്‍ഷത്തെ ഓണം വിപണിയിലൂടെ 60 കോടി രൂപയുടെ കച്ചവടമാണ് നടന്നതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
വ്യാജ ഖാദി ഉത്പന്നങ്ങള്‍ പവര്‍ലൂമില്‍ തയ്യാറാക്കി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യാപകമായി കേരളത്തില്‍ എത്തിക്കുന്നുവെന്ന് അദ്ദേഹം ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ഖാദി മൂല്യങ്ങള്‍ സംരക്ഷിക്കുന്നതാകണം ഖാദി ഉത്പന്നങ്ങള്‍. വ്യാജ ഖാദിക്കെതിരെ ഖാദി ബോര്‍ഡ് തന്നെ നിരവധി പരാതികള്‍ നൽകിയിട്ടുണ്ടെന്നും ഇതിൻ്റെ അടിസ്ഥാനത്തില്‍ പൊലീസ് നടപടി സ്വീകരിച്ച നടപടികളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read:ട്രെന്‍ഡി ഡിസൈനുകളും ഓണ്‍ലൈന്‍ വില്‍പ്പനയുമായി ഖാദി ബോർഡ്