ടാങ്കറിൽ നിന്നും മണ്ണെണ്ണ മോഷണം പോയി (Source: ETV Bharat) ഇടുക്കി: മൂന്നാറിൽ റേഷൻ കടകൾ വഴി വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ഡിപ്പോയിലെ ടാങ്കറിൽ നിന്നും മോഷണം പോയി. കണക്ക് കൃത്യമായി സൂക്ഷിക്കാനായി പകരം ടാങ്കറിൽ വെള്ളം നിറച്ചു. സംഭവത്തിൽ സിവിൽ സപ്ലൈസ് വകുപ്പ് വിജിലൻസ് സംഘം അന്വേഷണം ആരംഭിച്ചു.
സംഭവത്തിനു പിന്നിൽ ഡിപ്പോയുടെ ചുമതലയുണ്ടായിരുന്ന മുതിർന്ന രാഷ്ട്രീയ നേതാവിൻ്റെ ബന്ധുവായ ജീവനക്കാരനെന്ന് സൂചന. മൂന്നാർ ടൗണിനു സമീപം പഞ്ചായത്ത് സപ്ലൈകോ മാർക്കറ്റിനോട് ചേർന്നുള്ള മണ്ണെണ്ണ ഡിപ്പോയിലാണ് തട്ടിപ്പ് നടന്നത്. കഴിഞ്ഞ ഫെബ്രുവരി 29 ന് ഇവിടെ നിന്നും റേഷൻ കടകൾക്ക് വിതരണം ചെയ്‌ത മണ്ണെണ്ണയിൽ വെള്ളത്തിൻ്റെ അംശം കണ്ടതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.
ഡിപ്പോയുടെ ചുമതലക്കാരനായിരുന്ന സിപിഐ നേതാവിൻ്റെ സഹോദരൻ ഇതിനു തൊട്ടടുത്ത ദിവസം നീണ്ട അവധിക്ക് പോകുന്നതിനാൽ സൂപ്പർമാർക്കറ്റിലെ മറ്റൊരു ജീവനക്കാരന് ഡിപ്പോയുടെ ചുമതല കൈമാറിയിരുന്നു. ഇയാൾ ചുമതലയേറ്റ ദിവസമാണ് റേഷൻ കടക്കാർ പരാതി ഉന്നയിച്ചത്.
ഇതോടെ പുതുതായി ചുമതയേറ്റയാൾ ഇതു സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതിനെ തുടർന്ന് പെട്രോളിയം വകുപ്പ് നടത്തിയ പരിശോധനയിൽ 24000 ലീറ്റർ വീതമുള്ള രണ്ട് ടാങ്കുകളിലായി 562 ലീറ്റർ വെള്ളം കലർത്തിയതായി കണ്ടെത്തി. സംഭവം വിവാദമായതോടെയാണ് കോട്ടയം മേഖല വിജിലൻസ് സ്ക്വാഡ് (സപ്ലൈകോ) ഫ്ളെയിങ് ഓഫിസർ റിനേഷിൻ്റെ നേതൃത്വത്തിൽ ഡിപ്പോയിൽ എത്തി പരിശോധന നടത്തിയത്.
ജീവനക്കാർ, റേഷൻ കട ഉടമകൾ എന്നിവരിൽ നിന്നും സംഘം തെളിവെടുത്തു. കുറ്റകാർക്കെതിരെ നടപടി എടുത്തിലെങ്കിൽ ശക്തമായ സമരം സംഘടപ്പിക്കുമെന്ന് ബിജെപിയും വ്യക്തമാക്കി. 562 ലിറ്റർ മണ്ണെണ്ണ കരിഞ്ചന്തയിൽ വിറ്റ ശേഷം പകരം വെള്ളം ഒഴിച്ചു വച്ചതായാണ് സൂചന. തട്ടിപ്പ് സംബന്ധിച്ച് അന്വേഷിക്കുന്നതിനായി കേസ് പൊലീസിന് കൈമാറുമെന്നാണ് സൂചന.
ഭരണകക്ഷിയിൽപെട്ട മുതിർന്ന നേതാവിൻ്റെ അടുത്ത ബന്ധുവാണ് ഡിപ്പോയുടെ ചുമതല വഹിച്ചിരുന്നത്. കോളനിയിൽ പ്രവർത്തിക്കുന്ന സപ്ലൈകോ ഗോഡൗണിൽ രണ്ടര ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ട്രാൻസ്‌ഫറായിരുന്ന ജീവനക്കാരൻ ഏതാനും മാസങ്ങൾക്ക് മുൻപാണ് ജോലിയിൽ തിരികെ കയറിയത്.
ALSO READ:കട കുത്തിത്തുറന്ന് മോഷണം; മൊബൈൽ ഫോണും പണവും നഷ്‌ടപ്പെട്ടു