കേരളം

kerala

ETV Bharat / state

നഴ്‌സുമാരുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ വനിത കമ്മീഷന്‍ ഇടപെടും; അഡ്വ പി സതീദേവി - P SATHIDEVI ON RIGHTS OF NURSES

കേരള വനിത കമ്മീഷന്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിങ് തിരുവല്ലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി.

P SATHIDEVI KERALA WOMEN COMMISSION  ISSUES OF NURSES IN KERALA  നഴ്‌സുമാരുടെ അവകാശങ്ങള്‍  പി സതീദേവി വനിത കമ്മീഷന്‍
Kerala Women Commission Chairperson Adv P Sathidevi (ETV Bharat)

By ETV Bharat Kerala Team

Published : Oct 28, 2024, 9:55 PM IST

Updated : Oct 28, 2024, 10:21 PM IST

പത്തനംതിട്ട:അവകാശ സമരങ്ങളിലൂടെ നഴ്‌സുമാര്‍ കൈവരിച്ച നേട്ടം വിലയിരുത്തപ്പെടാന്‍ സമയമായെന്ന് കേരള വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി. നഴ്‌സുമാരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് വനിത കമ്മീഷന്‍ ഇടപെടുമെന്നും സതീദേവി വ്യക്തമാക്കി. കേരള വനിത കമ്മീഷന്‍ സംഘടിപ്പിച്ച സ്വകാര്യ മേഖലയിലെ നഴ്‌സുമാരുടെ പബ്ലിക് ഹിയറിങ് തിരുവല്ലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെയര്‍പേഴ്‌സണ്‍.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

രാജ്യത്തെമ്പാടും നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ സമൂഹമറിഞ്ഞത് അവരുടെ സമരങ്ങളിലുടെയാണ്. ഈ സമൂഹത്തിന്‍റെ തൊഴില്‍പരമായ സാഹചര്യം എന്താണെന്ന് സമൂഹം മനസിലാക്കിയത് ഇത്തരം പ്രക്ഷോഭങ്ങളിലൂടെയാണ്. എന്നാല്‍ എത്രത്തോളം സമരം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിഞ്ഞിട്ടുണ്ട്? അതിലൂടെ തൊഴില്‍ സാഹചര്യത്തില്‍ ഇതിനകം ഉണ്ടായ മാറ്റങ്ങള്‍ എന്തൊക്കെ എന്ന് പരിശോധിക്കപ്പെടേണ്ട സമയമാണിത്.

വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി (ETV Bharat)

നഴ്‌സുമാരെ വളരെയേറെ ആദരിക്കുന്ന സമൂഹമാണ് കേരളത്തിലേത്. ഇവിടെ നിന്നുള്ള നഴ്‌സുമാര്‍ക്ക് ലോക വ്യാപകമായി തൊഴിലവസരം ലഭിക്കുന്നുമുണ്ട്. മലയാളികളുടെ സേവനം അത്രയേറെ വിലമതിക്കപ്പെടുന്നുണ്ടെന്നും സതീദേവി പറഞ്ഞു.

മാലാഖമാരെന്ന് നാം വിളിക്കുന്നു. വിളക്കേന്തിയ വനിതയായ ഫ്ലോറന്‍സ് നൈറ്റിംഗേലിന്‍റെ പിന്‍മുറക്കാര്‍ എന്നും വിശേഷിപ്പിക്കുന്നു. എന്നിട്ടും അവരുടെ തൊഴില്‍പരമായ സാഹചര്യം പുരോഗമിക്കപ്പെടുന്നുണ്ടോയെന്ന് സമൂഹവും പരിശോധിക്കണം.

എല്ലാ സേവന മേഖലയിലും എന്നപോലെ നഴ്‌സുമാരിലും 98 ശതമാനവും വനിതകളാണ്. സ്ത്രീകള്‍ ജോലി ചെയ്യുന്ന ഓരോ മേഖലയിലും വളരെയധികം ചൂഷണം നടക്കുന്നു. വിലപേശാന്‍ അവര്‍ക്ക് കഴിയില്ല എന്ന മിഥ്യാ ധാരണ രാജ്യത്താകമാനമുള്ള സമൂഹത്തില്‍ നിലനില്‍ക്കുന്നതുകൊണ്ടാണത്.

സര്‍ക്കാര്‍ സേവന മേഖലകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകും. എല്ലാ സേവന മേഖലകളിലും ജോലി ചെയ്യുന്നവരില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. എന്നാല്‍ തുച്ഛമായ പ്രതിഫലമാണ് അവര്‍ക്ക് കിട്ടുന്നത്. ചെയ്യുന്നത് സേവനമായതിനാല്‍ കൂലി ചോദിക്കാനാവില്ല. സേവനം ആകുമ്പോള്‍ തൊഴില്‍ വ്യവസ്ഥകളും ബാധകമല്ല.

കോവിഡ് കാലത്ത് ആശാ വര്‍ക്കര്‍മാര്‍ നടത്തിയ സേവനം സുത്യര്‍ഹമാണ്. എന്നിട്ടും അതൊരു തൊഴില്‍ മേഖലയായി കണക്കാക്കാന്‍ രാജ്യം തയ്യാറായിട്ടില്ല. ഏറ്റവും കുറഞ്ഞ ചെലവില്‍ സ്ത്രീയുടെ അധ്വാനം ലഭ്യമാക്കാനാകുമെന്ന് ഭരണാധികാരികള്‍ വരെ കരുതുന്നുവെന്നാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്. വീട്ടിനുള്ളില്‍ കൂലിയില്ലാ ജോലി ചെയ്യുന്നവരുടെ അധ്വാനം കുറഞ്ഞ ചെലവില്‍ ഉപയോഗപ്പെടുത്തുന്നതില്‍ കേരളവും വ്യത്യസ്‌തമല്ലെന്നും സതീദേവി ചൂണ്ടിക്കാട്ടി.

ഇതിന് മാറ്റം വരണമെങ്കില്‍ തുറന്നുപറച്ചിലിന് സ്ത്രീ സമൂഹം തയ്യാറാവണം. അത്തരം തുറന്ന് പറച്ചിലുകള്‍ക്കൊപ്പം നിലനില്‍ക്കാനും അവരുടെ പ്രശ്‌നങ്ങളില്‍ കൂടുതല്‍ പരിഹാരം കണ്ടെത്താനും കമ്മീഷന്‍ ഒപ്പം നില്‍ക്കും. സിനിമ മേഖലയില്‍ സംഭവിച്ചത് ഇതാണ്. ഒരു സഹപ്രവര്‍ത്തക വേട്ടയാടപ്പെട്ടപ്പോള്‍ മറ്റ് വനിതകള്‍ കൂട്ടം കൂടുകയും വിമണ്‍ ഇന്‍ സിനിമ കളക്‌ടീവ് രൂപപ്പെടുകയും ചെയ്‌തു.

തുടര്‍ന്ന് ഹേമ കമ്മിറ്റി രൂപപ്പെടുകയും അന്വേഷണം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്‌തു. അപ്പോഴാണ് ആ രംഗത്തെ യഥാര്‍ത്ഥ അവസ്ഥ സമൂഹം തിരിച്ചറിയുന്നത്. ഇക്കാര്യത്തില്‍ കേരള വനിത കമ്മീഷന്‍ നടത്തിയ ഇടപെടല്‍ ദേശീയ വനിത കമ്മീഷന്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം ഇടപെടല്‍ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കാനാകുമോയെന്ന് മറ്റ് സംസ്ഥാനങ്ങളിലെ വനിത കമ്മീഷനുകളുമായി ചര്‍ച്ച ചെയ്യുമെന്നാണ് കേരളത്തിലെത്തിയ ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചത്.

ഇത്തരമൊരു നീക്കത്തിനും തുടക്കം കുറിച്ചത് കേരളമാണ്. അതുപോലെ നഴ്‌സുമാര്‍ മുന്നോട്ട് വന്നാല്‍ അവര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും വനിത കമ്മീഷന്‍ നല്‍കുമെന്നും അഡ്വ. പി. സതീദേവി വ്യക്തമാക്കി.

പ്രസവ ശുശ്രൂഷ നല്‍കുന്നവര്‍ക്ക് പ്രസവിക്കാനുള്ള അവകാശം ഉണ്ടോ?' വാര്‍ഡിലും ഐസിയുവിലും നിര്‍ദേശിക്കപ്പെട്ടിട്ടുള്ള രോഗി - നഴ്‌സ് അനുപാതം പാലിക്കപ്പെടുന്നുണ്ടോ? ഓവര്‍ ടൈം അലവന്‍സ് ലഭിക്കുന്നുണ്ടോ? പോഷ് നിയമപ്രകാരം ആശുപത്രികളില്‍ രൂപീകരിക്കപ്പെട്ട ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികളും അവയുടെ പ്രവര്‍ത്തനവും തുടങ്ങി ഈ മേഖലയിലെ എല്ലാ വിഷയവും ഇവിടെ ചര്‍ച്ച ചെയ്യപ്പെടും. അതില്‍നിന്ന് ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിക്കും. അവ നടപ്പിലാക്കാന്‍ വനിത കമ്മീഷന്‍ ശ്രമിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ അഡ്വ. സതീദേവി പറഞ്ഞു.

Also Read:ജര്‍മ്മനിയില്‍ നഴ്‌സുമാരാകം; നോര്‍ക്ക റൂട്ട്‌സില്‍ സ്‌പോട്ട് രജിസ്‌ട്രേഷന് അവസരം

Last Updated : Oct 28, 2024, 10:21 PM IST

ABOUT THE AUTHOR

...view details