തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുളളത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളുടെ ചില ഭാഗങ്ങളിൽ മണിക്കൂറിൽ 5 മുതൽ 15 മില്ലിമീറ്റർ വരെ വേഗതയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
അതേസമയം, വയനാട്ടിൽ ശക്തമായ മഴ തുടരുകയാണ്. മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവരും, വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
ആന്ധ്ര തീരത്തിന് മുകളിൽ സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദപാത്തിയുടെ സ്വാധീന ഫലമായാണ് മഴ തുടരുന്നത്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമുള്ള സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. ബുധനാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.
Also Read:ഇനി അർക്കയും അരുണികയും കാലാവസ്ഥ പ്രവചിക്കും; 850 കോടി ചെലവിൽ എച്ച്പിസി വരുന്നു