തിരുവനന്തപുരം : രാജ്യസഭ എംപി ജോൺ ബ്രിട്ടാസിന്‍റെ പ്രഭാഷണം തടഞ്ഞ് കേരള സർവകലാശാല വിസിയുടെ ഉത്തരവ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ പ്രഭാഷണത്തിന് അനുവാദമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. 'ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും കടമകളും' എന്ന വിഷയത്തിൽ സർവകലാശാല ജീവനക്കാരുടെ ഇടത് അനുകൂല സംഘടനയായ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍റെ പരിപാടിയിലായിരുന്നു ജോൺ ബ്രിട്ടാസിന്‍റെ പ്രഭാഷണം നിശ്ചയിച്ചിരുന്നത്.
പ്രതിമാസ പ്രഭാഷണ പരമ്പരയുടെ ഭാഗമായാണ് പരിപാടി. വിസിയുടെ നടപടി ധാർഷ്ട്യവും ദാസ്യവേലയും ഒരുമിച്ച് ചേർന്നത് കൊണ്ടാണെന്ന് വിഷയത്തിൽ ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചു. വിസിയുടെ പദവി എന്താണ്? ഒന്നിനെ പറ്റിയും വിസിയ്ക്ക് ധാരണ ഇല്ല. ഇങ്ങനെ ഉള്ള പ്രഭാഷണങ്ങൾ വിസിയാണ് സംഘടിപ്പിക്കേണ്ടത്. ചർച്ചകൾക്കും സംവാദങ്ങൾക്കും വേദിയാകാനുള്ളതാണ് സർവ്വകലാശാലകൾ. വിസിയുടെ പദവി എന്താണെന്ന് അറിയാത്ത ആളാണ് ആ പദവിയിലിരിക്കുന്നതെന്ന് ജോൺ ബ്രിട്ടാസ് ആരോപിച്ചു.