കണ്ണൂർ : കേരള സര്‍വകലാശാല കലോത്സവത്തിലെ വിധികര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയോടെയാണ് തിരുവനന്തപുരത്ത് നടന്ന കേരള സര്‍വകലാശാല കലോത്സവുമായി ബന്ധപ്പെട്ട കോഴക്കേസിൽ ആരോപണ വിധേയനായ വിധി കര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ മേലെ ചൊവ്വ സ്വദേശിയായ ഷാജിയേയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുതിട്ടുണ്ട്. നിരപരാധിയാണെന്നും കോഴ വാങ്ങി വിധി നിര്‍ണയം നടത്തിയില്ലെന്നുമാണ് കുറിപ്പിലുള്ളത്. താൻ നിരപരാധിയാണെന്നും ഒരു പൈസയും വാങ്ങിയിട്ടില്ലെന്നും ഇതാണ് സത്യമെന്നും എഴുതി വച്ചാണ് ഷാജി ആത്മഹത്യ ചെയ്‌തത്.
സത്യം, സത്യം, സത്യം എന്ന് മൂന്നു തവണ ആത്മഹത്യ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. തെറ്റ് ചെയ്യില്ലെന്ന് അമ്മയ്ക്ക് അറിയാം. പിന്നില്‍ കളിച്ചവരെയെല്ലാം ദൈവം രക്ഷിക്കട്ടെയന്നും ആത്മഹത്യ കുറിപ്പിൽ ഷാജി പറയുന്നു.
കലോത്സവത്തിന്‍റെ വിധി നിര്‍ണയത്തിനായി വിധി കര്‍ത്താക്കള്‍ക്ക് നല്‍കുന്ന ജഡ്‌ജ് റിമാര്‍ക്‌സ് ഷീറ്റിലാണ് ആത്മഹത്യ കുറിപ്പ് എഴുതിയിരിക്കുന്നത്. കേരള സര്‍വകലാശാല കലോത്സവ കോഴക്കേസിലെ ഒന്നാം പ്രതിയായിരുന്നു. ഇന്ന് കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ ഹാജരാകാൻ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് നോട്ടിസ് നല്‍കിയിരുന്നു.
അതേസമയം പണം വാങ്ങിയിട്ടില്ലെന്ന് കസ്റ്റഡിയില്‍ എടുത്ത സമയത്ത് ഷാജി പൊലീസിനോട് പറഞ്ഞിരുന്നു. കൂടുതല്‍ പ്രതികരണത്തിനും ഷാജി തയാറായിരുന്നില്ല. കേരള സര്‍വകലാശാല കലോത്സവത്തിലെ മാര്‍ഗംകളിയുടെ വിധികര്‍ത്താവായിരുന്ന ഷാജിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടർന്ന് എസ്എഫ്ഐക്കെതിരെ ആരോപണം കടുപ്പിച്ചു എബിവിപിയും രംഗത്തെത്തി.
ഷാജിയുടെ മരണത്തിന്‍റെ ഉത്തരവാദി എസ്എഫ്ഐ ആണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ് പ്രസ്‌താവനയില്‍ ആരോപിച്ചു. ഒരു കലോത്സവത്തിന്‍റെ നടത്തിപ്പ് ഏറ്റവും ദുർഗതിയിൽ ആക്കിക്കൊണ്ട് ഒരു കലോത്സവത്തെ കോഴയിൽ മുക്കി കലാപത്തിന്‍റെ ഗതിയിലെത്തിച്ചത് സംഘാടകരാണ്. യൂണിവേഴ്‌സിറ്റി യൂണിയൻ നയിക്കുന്ന എസ്എഫ്ഐ ആണ് മരണത്തിന്‍റെ ഉത്തരവാദികൾ.
മരണമണി മുഴക്കുന്നവരാണ് എസ്എഫ്ഐയെന്നും കേരള സര്‍വകലാശാല കലോത്സവത്തെ കലാപോത്സവും കോഴയുത്സവവും ആക്കി മാറ്റിയത് എസ്എഫ്ഐ ആണെന്നും എബിവിപി ആരോപിച്ചു. കോഴ വാങ്ങിയ കേസിൽ പ്രതിയായ ഷാജി എന്ന വ്യക്തി മരിച്ചത് പൊലീസിന്‍റെ അനാസ്ഥ കൂടി ആണെന്നും ഈശ്വര പ്രസാദ് ആരോപിച്ചു.
ഷാജി അടക്കം നാലു പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ബാക്കി മൂന്നു പേരില്‍ രണ്ടുപേര്‍ നൃത്ത പരിശീലകരും ഒരാള്‍ സഹായിയുമാണ്. കലോത്സവത്തിലെ വിവാദമായ മാര്‍ഗംകളി മത്സരത്തിന്‍റെ വിധി കര്‍ത്താവായിരുന്നു ഷാജി. മാര്‍ഗംകളി മത്സരത്തിന്‍റെ ഫലം പരാതിയെ തുടര്‍ന്ന് തടഞ്ഞുവച്ചിരിക്കുകയാണ്. ഷാജിയുടെ ഫോണിലേക്ക് ഇടനിലക്കാര്‍ മത്സരാര്‍ഥികളെ തിരിച്ചറിയാൻ അയച്ചുകൊടുത്ത ചിത്രങ്ങല്‍ സംഘാടകര്‍ പൊലീസിന് കൈമാറിയിരുന്നു.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821