തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർഥി പ്രതിനിധികളെ നോമിനേറ്റ് ചെയ്യാൻ ചാൻസലർ കൂടിയായ ഗവർണർക്ക് അധികാരമില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ. അധികാരം ഗവർണറുടെ കയ്യിൽ തന്നെയാണ്. എങ്ങനെ ഒരാളെ നോമിനേറ്റ് ചെയ്യണം എന്നുള്ളത് സർവ്വകലാശാല നിയമങ്ങളിൽ ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഉയർന്ന അക്കാദമിക് നിലവാരമുള്ളവരെ കൂടി പരിഗണിക്കണം എന്നാണ് കോടതി പറഞ്ഞത്. സർവകലാശാല ഗവർണർക്ക് ഒരു പട്ടികയും നൽകിയിട്ടില്ല. കേസ് നൽകിയ കുട്ടികളുടെയും കിട്ടിയ കുട്ടികളുടെയും രാഷ്ട്രീയം എന്താണെന്ന് തനിക്കറിയില്ല. ഗവർണർക്ക് അധികാരമില്ല എന്ന് പറയുന്നത് മാധ്യമങ്ങളാണ്. ഗവർണർക്ക് രാഷ്ട്രീയമുണ്ടാകാൻ പാടില്ലല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.