തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി ബിജെപി പ്രതിനിധി വിജയിച്ചു. രണ്ട് സീറ്റുകളിലാണ് ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. ഒമ്പത് സീറ്റുകളില്‍ എല്‍ഡിഎഫ് പ്രതിനിധികളും വിജയിച്ചു.
ഡോ. വിനോദ് കുമാറാണ് ബിജെപി പ്രതിനിധിയായി ജനറല്‍ കമ്മിറ്റിയിലേക്ക് വിജയിച്ച ഒരാള്‍. സ്വകാര്യ-ഗവണ്‍മെന്‍റ് കോളജ് അധ്യാപക സീറ്റുകളിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചത്. വോട്ടെണ്ണലിന്‍റെ പേരില്‍ സര്‍വകലാശാല ആസ്ഥാനത്ത് വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മലും ഇടത് അംഗങ്ങളുമായി തര്‍ക്കം നടന്നിരുന്നു.
വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കണമെന്ന് വി സി തീരുമാനിച്ചതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് ആകെയുള്ള 97 വോട്ടുകളില്‍ 15 വോട്ടുകള്‍ ഒഴികെ ബാക്കി 82 വോട്ടുകളെണ്ണാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് വോട്ടെണ്ണല്‍ പുനരാരംഭിച്ചത്.
12 സീറ്റിലേക്കായിരുന്നു കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. എന്നാല്‍ ഇതില്‍ ഒമ്പത് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 15 വോട്ടുകള്‍ക്കെതിരെ എസ്എഫ്‌ഐയും ബിജെപിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Also Read:'തെരഞ്ഞെടുപ്പിന് താന്‍ പോയപ്പോള്‍ പ്രശ്‌നമൊന്നുമില്ല, ദയവായി നെഗറ്റീവ് കാര്യങ്ങള്‍ ചോദിക്കരുത്': ആർ ബിന്ദു