എറണാകുളം:കേരളാ സർവകലാശാല സെനറ്റ് യോഗത്തിനിടെ ഇടത് അനുകൂല സെനറ്റ് അംഗങ്ങൾ അധിക്ഷേപിച്ചതായി ഗവർണർ നാമനിർദേശം ചെയ്‌ത അംഗങ്ങൾ ഹൈക്കോടതിയിൽ. വെള്ളിയാഴ്ച്ച നടന്ന കേരള സർവകലാശാല സെനറ്റ് യോഗത്തിനിടെ ഗവർണർ നാമനിർദേശം ചെയ്‌ത സ്ത്രീകളുൾപ്പെടെയുള്ള അംഗങ്ങളെ ഇടത് സംഘടനാ പ്രതിനിധികൾ അധിക്ഷേപിച്ചുവെന്നും അപമാനിച്ചുവെന്നുമാണ് പരാതി.
സെനറ്റംഗങ്ങൾ നേരത്തെ നൽകിയ പൊലീസ് സംരക്ഷണ ഹർജിയിൽ ഇക്കാര്യം കോടതിയെ അറിയിച്ചു. കന്‍റോൺമെന്‍റ് പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. പൊലീസ് സംരക്ഷണം ഉണ്ടാകുമെന്ന് സർക്കാർ ഉറപ്പു നൽകിയതിനെ തുടർന്ന് ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിറക്കിയിരുന്നു.