കൊല്ലം: കടലിന്‍റെ മക്കളുടെ കാത്തിരിപ്പിന് വിരാമമായി. 52 ദിവസത്തെ ട്രോളിങ് നിരോധനത്തിന് ശേഷം ബുധനാഴ്‌ച (ജൂലൈ 31) അർധരാത്രിയോടെ കടലില്‍ പോയ ചെറിയ ബോട്ടുകള്‍ തിരികെയെത്തിയത് ചെമ്മീൻ ചാകരയുമായി. എന്നാൽ വലനിറയെ കരിക്കാടി ചെമ്മീൻ ലഭിച്ചെങ്കിലും വേണ്ടത്ര വില ലഭിക്കാത്തതില്‍ തീര മേഖല ആശങ്കയിലാണ്.
വറുതിയുടെ കാലം അവസാനിച്ച് കടലിലേക്ക് പോയ കടലിന്‍റെ മക്കൾക്ക് ബോട്ട് നിറയെ മത്സ്യം ലഭിച്ചെങ്കിലും വേണ്ടത്ര വില ലഭിക്കാത്തത് തീരത്ത് നിരാശ പടര്‍ത്തിയിരിക്കുകയാണ്. ബുധനാഴ്‌ച അർദ്ധരാത്രിയോടെ നീണ്ടകര ശക്തികുളങ്ങര ഹാർബറിൽ നിന്നും കടലിലേക്ക് പോയ ചെറിയ ബോട്ടുകൾക്ക് ലഭിച്ചത് കരിക്കാടി ഇനത്തിൽപ്പെട്ട ചെമ്മീനുകളാണ്. ചെറിയതോതിൽ കഴുന്തനും കിളിമീനും കോരയും നങ്കും ലഭിച്ചെങ്കിലും കൂടുതലായി ലഭിച്ച കരിക്കാടി ചെമ്മീന് വേണ്ടത്ര വില ലഭിച്ചില്ല.
ആദ്യമായി എത്തിയ ബോട്ടുകൾക്ക് 1100 രൂപയാണ് ഒരു കുട്ട കരിക്കാടിക്ക് ലഭിച്ചത്. ഇടത്തരം കരിക്കാടികളാണ് വലയിൽ കുടുങ്ങിയത്. കൂടുതൽ ബോട്ടുകൾ ചരക്കുമായി ഹാർബറുകളിലേക്ക് എത്തുന്നതോടെ വിലയിടിവ് ഉണ്ടാകുമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇപ്പോൾ നിരോധനം കഴിഞ്ഞ് എത്തിയത് ചെറു ബോട്ടുകളാണ്.
കടലില്‍ പോയിട്ടുള്ള വലിയ ബോട്ടുകൾ ദിവസങ്ങൾ കഴിഞ്ഞെ മടങ്ങിയെത്തു. ചില ബോട്ടുകളിൽ നേരിയതോതിൽ കഴുന്തനും കിളിമീനും കോരയും ലഭിക്കുന്നുണ്ട്. എന്നാൽ ഇവയ്ക്ക് വില കുറവാണ്.