കേരളം

kerala

ETV Bharat / state

കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക അവഗണനയ്‌ക്കെതിരെ സംസ്ഥാനങ്ങൾ; തിരുവനന്തപുരത്ത് കേൺക്ലേവ് - kerala Fight on Fiscal Fedaralism - KERALA FIGHT ON FISCAL FEDARALISM

സാമ്പത്തിക പ്രതിസന്ധി സൃഷ്‌ടിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ സംസ്ഥാനങ്ങളെ ചേര്‍ത്തുള്ള പോരാട്ടവുമായി കേരളം. തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രതിപക്ഷ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ കോണ്‍ക്ലേവില്‍ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ പങ്കെടുത്തു.

FISCAL FEDARALISM  FISCAL CONCLAVE  FINANCE MINISTER K N BALAGOPAL  LATEST NEWS IN MALAYALAM
Fiscal Conclave (ETV Bharat)

By ETV Bharat Kerala Team

Published : Sep 12, 2024, 3:42 PM IST

കെഎൻ ബാലഗോപാൽ സംസാരിക്കുന്നു (ETV Bharat)

തിരുവനന്തപുരം :രാജ്യത്തെ സാമ്പത്തിക ഫെഡറിലസത്തെ കേന്ദ്ര സര്‍ക്കാര്‍ ഞെരിച്ചു കൊല്ലുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ നിരന്തര ആരോപണങ്ങള്‍ക്കിടെ അതിനെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളുടെ മുന്നേറ്റത്തിന് നേതൃത്വവുമായി കേരളം രംഗത്ത് വന്നു. 10 മുതല്‍ 15 വരെയുള്ള ധനകാര്യ കമ്മിഷനുകളുടെ കാലത്ത് ഓരോ ധനകാര്യ കമ്മിഷനുകളും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ സാമ്പത്തിക സഹായത്തിന്‍റെ അന്തരം ചൂണ്ടിക്കാട്ടിയാണ് 16-ാം ധനകാര്യ കമ്മിഷനെ സമീപിക്കുന്നതിന മുന്നോടിയായി കേരളം സംഘടിതമായി രംഗത്ത് വരുന്നത്.

കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക അവഗണനയ്‌ക്കെതിരെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യ തലസ്ഥാനത്ത് സമരം സംഘടിപ്പിച്ച് പ്രതിപക്ഷ നേതാക്കളുടെ സാന്നിധ്യം ഉറപ്പിച്ച് ദേശീയ ശ്രദ്ധ നേടിയതിന് സമാനമാണ് ഇത്തവണത്തെയും നീക്കങ്ങള്‍. തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രതിപക്ഷ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ കോണ്‍ക്ലേവില്‍ കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ പങ്കെടുത്തു.

തെലങ്കാനയില്‍ നിന്ന് ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാര്‍ക്ക, കര്‍ണാടക റവന്യൂ മന്ത്രി കൃഷ്‌ണ ബൈരെ ഗൗഡ, പഞ്ചാബ് ധനമന്ത്രി ഹര്‍പാല്‍ സിങ് ചീമ, തമിഴ്‌നാട് ധനമന്ത്രി തങ്കം തെന്നരസു എന്നിവരും കേരളത്തിലെ പ്രതിപക്ഷ നേതാവ് വിഡി സതീശനും സംബന്ധിച്ച യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്‌തു. ഡോ. എ അരവിന്ദ് പനഗരിയ അധ്യക്ഷനായ 16-ാം ധനകാര്യ കമ്മിഷന്‍ മുമ്പാകെ സംസ്ഥാനങ്ങള്‍ നേരിടുന്ന വികസന പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള ആശയങ്ങള്‍ യോഗത്തില്‍ മന്ത്രിമാര്‍ മുന്നോട്ടു വച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

രാജ്യത്തെ മൊത്തം വരുമാനത്തിന്‍റെ 37.3 ശതമാനം ലഭിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് രാജ്യത്തെ മൊത്തം ചെലവിന്‍റെ 62.4 ശതമാനം വഹിക്കേണ്ട സ്ഥിതിയാണെന്ന് കോണ്‍ക്ലേവിനെത്തിയ തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാര്‍ക്ക ഇടിവി ഭാരതിനോടു പറഞ്ഞു. കേന്ദ്ര നികുതി വരുമാനത്തിന്‍റെ 50 ശതമാനമെങ്കിലും സംസ്ഥാനങ്ങള്‍ക്കായി വീതിക്കപ്പെടണം എന്നതാണ് പൊതുവില്‍ ഉയരുന്ന ആവശ്യം. കേന്ദ്ര നികുതി വരുമാനത്തിന്‍റെ ഗണ്യമായ ഭാഗം സംസ്ഥാനങ്ങള്‍ക്ക് വിഭജിക്കുന്നതൊഴിവാക്കാന്‍ സെസ്, സര്‍ചാര്‍ജ് എന്നിവ കേന്ദ്രം ആയുധമാക്കുന്നു.

2011-12 ല്‍ കേന്ദ്ര സെസ്, സര്‍ചാര്‍ജ് എന്നിവയുടെ പങ്ക് 9.4 ശതമാനമായിരുന്നെങ്കില്‍ 2022-23 ല്‍ അത് 22.8 ശതമാനമായി ഉയര്‍ന്നു. സെസും സര്‍ചാര്‍ജും സംസ്ഥാനങ്ങളുമായി വരുമാനം പങ്കിടേണ്ട ഡിവിസിബിള്‍ പൂളില്‍ ഉള്‍പ്പെടുന്നില്ല. ഇത് സംസ്ഥാനങ്ങള്‍ക്ക് വലിയ വരുമാന നഷ്‌ടത്തിന് കാരണമാകുകയാണെന്നും തെലങ്കാന ഉപമുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്‍റെ കാര്യത്തില്‍ കേന്ദ്ര ധനവിഹിതത്തില്‍ വലിയ നഷ്‌ടം വരുന്ന ശുപാര്‍ശകളാണ് മുന്‍ ധനകാര്യ കമ്മിഷനുകളില്‍ നിന്നുണ്ടായതെന്ന് കേരള ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഇടിവി ഭാരതിനോട് പറഞ്ഞു. 10-ാം ധനകാര്യ കമ്മിഷന്‍ കേരളത്തിന് ശുപാര്‍ശ ചെയ്‌ത വിഹിതം 3.875 ആയിരുന്നെങ്കില്‍ 15-ാം ധനാര്യ കമ്മിഷന്‍ നിശ്ചയിച്ചത് 1.92 ശതമാനം മാത്രമാണ്. അതേ സമയം ഉത്തര്‍പ്രദേശിനാകട്ടെ 10-ാം ധകാര്യ കമ്മിഷന്‍ നീക്കി വച്ചത് 17.9 ശതമാനമാണ്.

കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങള്‍ക്കും 15-ാം ധനാര്യ കമ്മിഷന്‍ ശുപാര്‍ശകളില്‍ വലിയ നഷ്‌ടമാണ് സംഭവിച്ചത്. കേരളത്തിന് ശരാശരി 45 ശതമാനം വരെ ലഭിച്ചിരുന്ന നികുതി വിഹിതം ഇപ്പോള്‍ 21 ശതമാനം മാത്രമാണ്. സംസ്ഥാനങ്ങളുടെ കടമെടുപ്പ് അവകാശങ്ങളിലും ഇത്തരം വിവേചന നിലപാടുകള്‍ നിലനില്‍ക്കുയാണ്.

വളര്‍ച്ചയുടെ മാനദണ്ഡം ചൂണ്ടിക്കാട്ടിയും കേരളത്തിന് അര്‍ഹമായ ധനസഹായം വെട്ടിക്കുറയ്ക്കുകയാണെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കോണ്‍ക്ലേവ് ഇവിടം കൊണ്ട് അവസാനിക്കില്ലെന്നും ഭാവിയില്‍ കൂടുതല്‍ പ്രതിപക്ഷ സംസ്ഥാനങ്ങളെ സംഘടിപ്പിച്ച് ധന ഫെഡറലിസത്തിനായി പോരാടാന്‍ കേരളം മുന്‍കൈ എടുക്കുമെന്നുമാണ് ധനമന്ത്രി ബാലഗോപാല്‍ നല്‍കുന്ന സൂചന.

സാമ്പത്തിക കാര്യത്തില്‍ കേന്ദ്രത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്‍റെ പിന്തുണ കൂടിയുണ്ടെന്ന സൂചനയാണ് ഇന്നത്തെ യോഗത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ സാന്നിധ്യം.

Also Read:സെസും സര്‍ച്ചാര്‍ജും കൂട്ടുമ്പോള്‍ സംസ്ഥാനവിഹിതം കുറയുന്നു; സംസ്ഥാനങ്ങള്‍ക്ക് 41 ശതമാനം നികുതി വിഹിതം പോരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ABOUT THE AUTHOR

...view details