ഇടുക്കി:ചരിത്രത്തിലാദ്യമായി ഇടുക്കിയില്‍ പറന്നിറങ്ങി ജലവിമാനം. മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലാണ് സീ പ്ലെയിന്‍ പറന്നിറങ്ങിയത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്‍റെ നേതൃത്വത്തിൽ ജലവിമാനത്തിന് സ്വീകരണം നല്‍കി. എറണാകുളത്ത് നിന്നും പുറപ്പെട്ട ജലവിമാനമാണ് മാട്ടുപ്പെട്ടി ജലാശയത്തിലേക്ക് എത്തിയത്. ആവേശോജ്ജ്വല സ്വീകരണമാണ് മാട്ടുപ്പെട്ടിയില്‍ ജലവിമാനത്തിന് ഒരുക്കിയത്.
ഇന്ന് (നവംബർ 11) രാവിലെ 10.30ഓടെയാണ് ഇടുക്കിയിൽ ജലവിമാനം പറന്നെത്തിയത്. പരീക്ഷണ പറക്കലില്‍ അഡ്വ. എ രാജ എംഎല്‍എ ഉള്‍പ്പെടെ എട്ട് പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്‍റെ നേതൃത്വത്തില്‍ ജലവിമാനത്തിനും വിമാനത്തിലെ പൈലറ്റുമാര്‍ക്കും സ്വീകരണം നല്‍കി. എംഎം മണി എംഎല്‍എ, ദേവികുളം സബ് കലക്‌ടര്‍ വിഎം ജയകൃഷ്‌ണന്‍ തുടങ്ങിയവര്‍ ചരിത്ര മുഹൂര്‍ത്തതിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. ടൂറിസം രംഗത്തിന് വലിയ കരുത്തായി മാറുന്ന പദ്ധതിയാണിതെന്ന് മന്ത്രി റോഷി അഗസ്‌റ്റിന്‍ പറഞ്ഞു.
ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് മാട്ടുപ്പെട്ടി ജലാശയത്തിലേക്കുള്ള ജലവിമാനത്തിന്‍റെ പരീക്ഷണപ്പറക്കല്‍ ഫ്ലാഗ് ഓഫ് ചെയ്‌തു. ടൂറിസം രംഗത്ത് ഇടുക്കിക്ക് വലിയ പ്രതീക്ഷയാണ് സീ പ്ലെയിനിന്‍റെ പരീക്ഷണപ്പറക്കല്‍ നല്‍കുന്നത്.