തിരുവനന്തപുരം: കേരളത്തില്‍ ഏഴ് ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഒക്‌ടോബർ 21 മുതല്‍ 23 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അതേസമയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി ന്യുനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്.
ദന എന്ന് പേരിട്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ് ബുധനാഴ്‌ചയ്ക്കും വ്യാഴാഴ്‌ചയ്ക്കുമിടയില്‍ ഒഡിഷക്കും പശ്ചിമ ബംഗാളിനുമിടയിലായി കര തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിക്കുന്നത്. തത്ഫലമായി ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
മധ്യ ആന്‍ഡമാന്‍ കടലിന് മുകളില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറന്‍ മേഖലകളിലൂടെ കിഴക്കന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങുന്നതോടെ തീവ്രമാകുമെന്നാണ് വിലയിരുത്തല്‍. തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ ഇത് മൂലമുണ്ടാകും. കേരളം, കർണാടക, തെലങ്കാന, മാഹി എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയുമുണ്ടാകും. ആന്ധ്രയുടെ തീരദേശ പ്രദേശങ്ങളിലും മധ്യ മഹാരാഷ്ട്രയിലും മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.