തിരുവനന്തപുരം:കോട്ടയം കുറുപ്പന്തറയില്‍ ഇന്നലെ ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച വാഹനം തോട്ടില്‍ വീണിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തില്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് വിശദീകരിക്കുകയാണ് കേരള പോലീസ്. മഴക്കാലത്താണ് ഗൂഗിള്‍ മാപ്പിൻ്റെ സഹായം തേടുമ്പോഴുണ്ടാകുന്ന അപകടങ്ങള്‍ കൂടുതലും സംഭവിക്കുന്നതെന്ന് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. പരിചിതമല്ലാത്ത വഴികളിലൂടെ മഴക്കാലത്ത് സഞ്ചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുന്നത് ഇങ്ങനെ.
- വെള്ളപ്പൊക്കം, പേമാരി, പ്രകൃതി ദുരന്തങ്ങള്‍ എന്നിവ സംഭവിക്കുമ്പോള്‍ പലപ്പോഴും റോഡ് ഗതാഗതം വഴിതിരിച്ചുവിടാറുണ്ട്. ഇത് ഗൂഗിള്‍ മാപ്പ് പറഞ്ഞുതന്നെന്നു വരില്ല.
- ട്രാഫിക് കുറവുള്ള റോഡുകളെ മണ്‍സൂണ്‍ കാലങ്ങളില്‍ ഗൂഗിള്‍ മാപ്പ് അല്‍ഗോരിതം എളുപ്പം എത്തുന്ന വഴിയായി നമ്മെ നയിക്കാറുണ്ട്. എന്നാല്‍ തിരക്ക് കുറവുള്ള റോഡുകളെല്ലാം സുരക്ഷിതമായിക്കൊള്ളണമെന്നില്ല.
- വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാധ്യമല്ലാത്തതുമായ അപകടങ്ങള്‍ നിറഞ്ഞ റോഡുകളിലൂടെ ഗൂഗിള്‍ മാപ്പ് നയിച്ചാലും നമ്മെ അത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചുകൊള്ളണമെന്നില്ല.
- അപകടസാധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും പൂര്‍ണമായും അപരിചിതവും വിജനവുമായ റോഡുകള്‍ ഒഴിവാക്കുന്നത് സുരക്ഷിതമായ മുന്‍കരുതലാണ്.
- രാത്രികാലങ്ങളില്‍ ജിപിഎസ് സിഗ്നല്‍ നഷ്‌ടപ്പെട്ടാല്‍ ചിലപ്പോള്‍ വഴിതെറ്റാനും സാധ്യതയുണ്ട്.
- സഞ്ചാരികള്‍ കൂടുതലായി തിരയുന്ന റിസോര്‍ട്ടുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, വ്യു പോയിൻ്റുകള്‍ എന്നിവ ഗൂഗിള്‍ ലൊക്കേഷനില്‍ മന:പൂര്‍വ്വമോ അല്ലാതെയോ തെറ്റായി രേഖപ്പെടുത്തിയേക്കാം.
- സിഗ്നല്‍ നഷ്‌ടപ്പെടാന്‍ സാധ്യതയുള്ള റൂട്ടുകളില്‍ നേരത്തെ തന്നെ റൂട്ട് സേവ് ചെയ്യാം.
- നാലുചക്രവാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍, സൈക്കിള്‍, കാല്‍നടയാത്ര, ട്രെയിന്‍ എന്നിങ്ങനെയുള്ള ഓപ്ഷനില്‍ നിന്നും നിങ്ങളുടെ യാത്രാരീതി സെലക്‌ട് ചെയ്യാന്‍ മറക്കരുത്. ബൈക്ക് പോയ വഴിയേ കാര്‍ പോയെന്ന് വരില്ല.
- ഒരു സ്ഥലത്തേയ്ക്ക് പോകാന്‍ രണ്ടുവഴികളുണ്ടാകാം. വഴിമധ്യേയുള്ള പരിചിതമായ സ്ഥലങ്ങള്‍ ഗൂഗിള്‍ മാപ്പിലെ ആഡ് സ്റ്റോപ്പ് ഓപ്ഷനില്‍ ഉള്‍പ്പെടുത്തുക.
- വഴി തെറ്റിയാല്‍ ലക്ഷ്യസ്ഥാനത്തേക്കുള്ള മറ്റൊരു വഴിയാകും ഗൂഗിള്‍ മാപ്പ് കാണിച്ചുതരിക.