തിരുവനന്തപുരം:സ്ത്രീ സുരക്ഷയ്ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ട് കേരള പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്വയം പ്രതിരോധ പരിശീലന പരിപാടിക്ക് തുടക്കമായി. എല്ലാ ജില്ലകളിലും പരിശീലന പരിപാടി സംഘടിപ്പിക്കും. വനിത പൊലീസ് ഉദ്യോഗസ്ഥരാണ് പരിശീലനം നൽകുന്നത്.
സ്‌ത്രീകള്‍ക്ക് സൗജന്യമായാണ് പരിശീലനം നല്‍കുന്നത്. ജനമൈത്രി സുരക്ഷ പദ്ധതിയുടെ കീഴിലാണ് സ്ത്രീ സുരക്ഷയ്ക്ക് പ്രാമുഖ്യം നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഇതുവരെ ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും സ്വയം പ്രതിരോധ മുറകളിൽ പരിശീലനം നേടിയിട്ടുണ്ട്.
താൽപര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പരിശീലനം നേടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2318188 എന്ന ഫോൺ നമ്പറില്‍ ബന്ധപ്പെടുക.
എന്താണ് ജനമൈത്രി സുരക്ഷ പദ്ധതി?
പൊലീസും പൊതുജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുക എന്ന ലക്ഷ്യം വച്ച് ആരംഭിച്ച പദ്ധതിയാണ് ജനമൈത്രി സുരക്ഷ പദ്ധതി. കുറ്റകൃത്യങ്ങൾ തടയാനും വിവരങ്ങൾ കൈമാറാനും ജനങ്ങളുടെ സഹായം ഉറപ്പാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിത്. പരിശീലനം നേടിയ പുരുഷ, വനിതാ ബീറ്റ് ഓഫിസർമാരെയാണ് പദ്ധതിയുടെ നിര്‍വഹണത്തിനായി നിയോഗിച്ചിട്ടുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രദേശത്തെ ഓരോ കുടുംബത്തോടും പൗരൻമാരോടും സമ്പർക്കം പുലര്‍ത്തി കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നു. നിയമം നടപ്പാക്കുന്നതിൽ ജനമൈത്രി പദ്ധതി വളരെ ഫലപ്രദമാണെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. പരമ്പരാഗത രീതിയിൽ നിന്നു മാറിയുള്ള പൊലീസ് പ്രവർത്തനമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
2008 മാർച്ചിലാണ് സംസ്ഥാനത്ത് പദ്ധതി ആരംഭിക്കുന്നത്. 20 പൊലീസ് സ്റ്റേഷനുകളിലാണ് ആദ്യം പദ്ധതി നടപ്പാക്കിയത്. ഇപ്പോൾ അഞ്ഞൂറോളം സ്റ്റേഷനുകളില്‍ പദ്ധതി നടക്കുന്നുണ്ട്. ബീറ്റ് ഓഫിസറുടെയും അസിസ്റ്റന്‍റ് ബീറ്റ് ഓഫിസറുടെയും നേതൃത്വത്തിൽ ജനമൈത്രി സമിതി രൂപീകരിച്ചാണ് മുൻപ് സ്റ്റേഷനുകളിൽ പദ്ധതി നടപ്പാക്കിയിരുന്നത്
Also Read:വനിതാ സംരംഭകരേ... മടിച്ചു നില്ക്കാതെ കടന്നു വരൂ... കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്‌തത് 400 ഓളം വനിത സംരംഭകർ മാത്രമെന്ന് കേരള സ്റ്റാർട്ട് അപ്പ് മിഷന്‍