ETV Bharat Kerala

കേരളം

kerala

ETV Bharat / state

കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയ്ക്ക് 27 ന് തുടക്കം; ഉദ്ഘാടനത്തിന്‌ കാസര്‍കോട്‌ ജെപി നദ്ദയെത്തും - കേരള പദയാത്ര

കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര 27 ന് കാസര്‍കോട്‌ തുടങ്ങും, ഓരോ ദിവസവും വിവിധകേന്ദ്രമന്ത്രിമാരും കേന്ദ്രനേതാക്കളും പദയാത്രയില്‍ പങ്കെടുത്ത് ജനങ്ങളെ അഭിസംബോധന ചെയ്യും.

Kerala Padayatra led by K Surendran  NDA Kerala Padayatra  കേരള പദയാത്ര  കെ സുരേന്ദ്രന്‍
Kerala Padayatra led by K Surendran
author img

By ETV Bharat Kerala Team

Published : Jan 24, 2024, 7:51 PM IST

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചരണാര്‍ത്ഥം എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎ കേരള പദയാത്ര 27 ന് കാസര്‍കോട്‌ നിന്നും ആരംഭിക്കും (Kerala Padayatra Led By K Surendran). വൈകുന്നേരം മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനത്ത് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യും.

ഓരോ ദിവസവും വിവിധ കേന്ദ്രമന്ത്രിമാരും കേന്ദ്രനേതാക്കളും പദയാത്രയില്‍ പങ്കെടുക്കാനെത്തും. പദയാത്രയില്‍ ഓരോ മണ്ഡലങ്ങളില്‍ നിന്നും 1000 പേര്‍ പുതുതായി ബിജെപിയിലും എന്‍ഡിഎയിലും ചേരുമെന്നാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നത്. പദയാത്രയില്‍ ഓരോ മണ്ഡലത്തിലും ഉദ്ഘാടന സമ്മേളനവും സമാപന സമ്മേളനവും സംഘടിപ്പിക്കും. ഓരോ പാര്‍ലമെന്‍റ്‌ മണ്ഡലത്തിലും 25,000 ത്തോളം പേര്‍ നടക്കുന്ന യാത്രയില്‍ സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ചവരും ഉണ്ടാകും.

രാവിലെ വിവിധ മത-സാമുദായിക നേതാക്കളുമായുള്ള സ്‌നേഹ സംഗമങ്ങളും കേന്ദ്രസര്‍ക്കാരിന്‍റെ വിവിധ പദ്ധതികളില്‍ അംഗങ്ങളായവരുടെ ഗുണഭോക്തൃ സംഗമങ്ങളും നടക്കും. അതോടൊപ്പം വിവിധ മണ്ഡലങ്ങളിലെ വികസന പ്രശ്‌നങ്ങളും പ്രതീക്ഷകളും ചര്‍ച്ച ചെയ്യുന്ന വികസന സെമിനാറുകളും നടക്കും. പദയാത്രയുടെ എല്ലാ ദിവസവും രാവിലെ 9 മണിക്ക് യാത്രാ ക്യാപ്റ്റന്‍റെ വാര്‍ത്താസമ്മേളനങ്ങളുണ്ടായിരിക്കും. ഉച്ചയ്ക്ക് ശേഷമാണ് പദയാത്ര നടക്കുക.

ജനുവരി 28 ന് രാവിലെ മധൂര്‍ ക്ഷേത്ര ദര്‍ശനത്തോടെയാണ് കെ സുരേന്ദ്രന്‍റെ കാസര്‍ഗോഡ് ജില്ലയിലെ പരിപാടികള്‍ തുടങ്ങുക. രാവിലെ 9 മണിക്ക് യാത്രാ ക്യാപ്റ്റന്‍റെ വാര്‍ത്താസമ്മേളനം നടക്കും. രാവിലെ 10.30 ന് കുമ്പളയില്‍ നടക്കുന്ന വിവിധ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. 12 മണിക്ക് ജീവാസ് മാനസ ഓഡിറ്റോറിയത്തില്‍ കാസര്‍ഗോഡ് ലോക്‌സഭ മണ്ഡലത്തിലെ മത-സാമുദായിക-സാംസ്‌കാരിക നേതാക്കളുടെ സ്‌നേഹസംഗമം പരിപാടിയിലും അദ്ദേഹം സംസാരിക്കും. 29 ന് കണ്ണൂരിലും 30 ന് വയനാട്ടിലും 31 ന് വടകരയിലും പദയാത്ര കടന്നു പോകും.

ഫെബ്രുവരി 3, 5, 6, 7 തിയ്യതികളില്‍ ആറ്റിങ്ങല്‍, പത്തനംതിട്ട, കൊല്ലം, മാവേലിക്കര മണ്ഡലങ്ങളില്‍ കേരളപദയാത്ര പര്യടനം നടത്തുക. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളില്‍ 9, 10, 12 തിയ്യതികളില്‍ യാത്ര എത്തും. തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷാ കേരള പദയാത്ര ഉദ്ഘാടനം ചെയ്യും.

ഫെബ്രുവരി 14 ന് ഇടുക്കിയിലും 15 ന് ചാലക്കുടിയിലും പദയാത്ര നടക്കും. 19, 20, 21 തിയ്യതികളില്‍ മലപ്പുറം, കോഴിക്കോട്, ആലത്തൂര്‍ മണ്ഡലങ്ങളില്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന യാത്ര പര്യടനം നടത്തും. പൊന്നാനിയില്‍ 23 നും എറണാകുളത്ത് 24 നും തൃശ്ശൂരില്‍ 26 നും നടക്കുന്ന കേരളപദയാത്ര 27 ന് പാലക്കാട് സമാപിക്കും.

കേന്ദ്രസര്‍ക്കാരിന്‍റെ വികസന-ജനക്ഷേമ പദ്ധതികളില്‍ അംഗമാവാനുള്ള അവസരം കേരള പദയാത്രയില്‍ ഒരുക്കും. അതിന് വേണ്ടി പ്രത്യേകം സജ്ജമാക്കിയ ഹെല്‍പ്പ് ഡെസ്‌ക്കുകളുണ്ടാവും. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നിശ്ചലദൃശ്യങ്ങളും പദയാത്രയില്‍ പ്രദര്‍ശിപ്പിക്കും. എന്‍ഡിഎയുടെ വികസന രേഖയും പദയാത്രയില്‍ പ്രകാശിപ്പിക്കും.

ABOUT THE AUTHOR

...view details