ആലപ്പുഴ:വിദ്യാഭ്യാസ കാര്യത്തിൽ കേന്ദ്രസർക്കാരിന്‍റെ എല്ലാ കണക്കെടുപ്പിലും കേരളം പ്രഥമ ശ്രേണിയിലാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും കേരളസർക്കാർ കുറ്റമറ്റ രീതിയിൽ പൂർത്തീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നീർക്കുന്നം എസ്‌ഡിവി ഗവൺമെന്‍റ് യുപി സ്‌കൂളിലെ പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ തലത്തിൽ നീറ്റ്, നെറ്റ് തുടങ്ങി എല്ലാ പരീക്ഷകളും തകിടം മറിച്ച് വിദ്യാർഥികളെ കണ്ണീര് കുടിപ്പിക്കുന്ന സാഹചര്യമുള്ളപ്പോളാണ് കേരളം പരീക്ഷ നടത്തിപ്പിൽ മാതൃകയാവുന്നത്. കഴിഞ്ഞ എട്ട് വർഷംകൊണ്ട് 5000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ആണ് പൊതു വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയത്. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പിഎസ്‌സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട 12,144 അധ്യാപക ഉദ്യോഗാർഥികൾക്ക് നിയമനം നൽകി.