തൃശൂര്‍:റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശ്ശൂർ സ്വദേശി കൊല്ലപ്പെട്ടു. കുട്ടനെല്ലൂർ ബിനിൽ എന്ന യുവാവ് കൊല്ലപ്പെട്ടതായി ഇന്ത്യൻ എംബസി അറിയിച്ചു. ഉക്രെയ്‌നെതിരെയുള്ള യുദ്ധമുഖത്ത് നിന്നും വെടിയേറ്റാണ് ബിനിൽ മരിച്ചതെന്നും എംബസിയുടെ പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു. മരണ വിവരം ഇന്ത്യൻ എംബസി ഔദ്യോഗികമായി ബിനിലിന്‍റെ കുടുംബത്തെയും അറിയിച്ചിട്ടുണ്ട്.
അതേസമയം, റഷ്യൻ കൂലി പട്ടാളത്തിൽ ബിനിലിന്‍റെ കൂടെ അകപ്പെട്ട തൃശൂർ കുറാഞ്ചേരി സ്വദേശി ജെയിന്‍ റഷ്യൻ അധിനിവേശ ഉക്രെയ്‌നിൽ നിന്നും റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ എത്തി. ഉക്രെയ്‌നിൽ യുദ്ധമുഖത്ത് ഷെല്ലാക്രമണത്തിൽ ജെയിന് പരിക്കേറ്റിരുന്നു. ശേഷം കുറച്ച് നാൾ അവിടെയുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് രണ്ട് ദിവസം മുൻപാണ് മോസ്കോയിലുള്ള ആശുപത്രിയിൽ എത്തിച്ചത്.
ജെയിൻ തന്നെയാണ് വാട്‌സാപ്പ് കോളിലൂടെ മോസ്കോയിലെത്തിയ വിവരം കുടുംബാംഗങ്ങളെ അറിയിച്ചത്. വയറുവേദനയെ തുടര്‍ന്ന് ശസ്‌ത്രക്രിയയ്ക്ക് വിധേയമാക്കി എന്നും വേഗം സുഖം പ്രാപിക്കുമെന്നുമാണ് സന്ദേശത്തില്‍ വ്യക്തമാക്കിയത്. ചാലക്കുടിയിലെ ഒരു ഏജന്‍റ് മുഖേനയായിരുന്നു ബിനിലും ജെയിനും ഉൾപ്പടെയുള്ളവർ റഷ്യയിൽ എത്തിയത്.