ഇടുക്കി: നാളെ (ഏപ്രിൽ 26)ന് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിനായി താഴെ കൊടുത്തിരിക്കുന്ന ഏതാനും പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു കൊണ്ട് ജില്ലയില്‍ സെക്ഷന്‍ 144 പ്രകാരം ഏപ്രില്‍ 27 ന് രാവിലെ ആറ് വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ ഐ.പി.സി. സെക്ഷന്‍ 188 പ്രകാരം ശിക്ഷാര്‍ഹരായിരിക്കും.
ഉത്തരവ് പ്രകാരം ചുവടെ ചേർത്തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് നിരോധനം ഏർപ്പെടുത്തിയത്:
- പൊതുസ്ഥലങ്ങളില്‍ നിയമവിരുദ്ധമായി കൂട്ടംകൂടുക, പൊതുയോഗങ്ങളോ റാലികളോ പാടുള്ളതല്ല.
- ജില്ലയിലെ ലോക്‌സഭ മണ്ഡലങ്ങളിലെ വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയ ഭാരവാഹികളുടെയോ പ്രവര്‍ത്തകരുടെയോ സാന്നിധ്യം ഉണ്ടാകരുത്.
- ഒരു തരത്തിലുള്ള ലൗഡ്‌സ്‌പീക്കറും പാടുള്ളതല്ല.
- ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രവചനമോ പോള്‍ സര്‍വേകളോ ഉള്‍പ്പടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒന്നും പ്രദര്‍ശിപ്പിക്കുകയോ പ്രചരിപ്പിക്കുകയൊ ചെയ്യരുത്.
- പോളിങ് സ്‌റ്റേഷനകത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ച നീരിക്ഷകര്‍, സൂക്ഷ്‌മ നീരീക്ഷകര്‍, ലോ ആന്‍ഡ് ഓഡര്‍ ഉദ്യോഗസ്ഥര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, പോളിങ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഒഴികെ ആരും മൊബൈല്‍ ഫോണും കോര്‍ഡ്‌ലസ് ഫോണുകളും വയര്‍ലസ് സെറ്റുകളും ഉപയോഗിക്കരുത്.
- ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അല്ലാതെ പോളിങ് സ്‌റ്റേഷന്‍റെ 100 മീറ്റര്‍ പരിധിയില്‍ കോര്‍ഡ്‌ലസ് ഫോണുകളും വയര്‍ലസ് സെറ്റുകളും ഉപയോഗിക്കരുത്.
- തെരഞ്ഞടുപ്പ് ദിനത്തില്‍ പോളിങ് സ്റ്റേഷനുകളുടെ 200 മീറ്റര്‍ പരിധിയില്‍ തെരഞ്ഞെടുപ്പ് പ്രചരണവും സ്ഥാനാര്‍ഥി ബൂത്ത് സജ്ജീകരണവും നടത്തരുത്.
- ഒരേ പോളിങ് സ്റ്റേഷനുകളുടെ 200 മീറ്റര്‍ പരിധിയ്ക്ക് പുറത്ത് ഒരു സ്ഥാനാര്‍ഥി ഒന്നില്‍ കൂടുതല്‍ ഇലക്ഷന്‍ ബൂത്തുകള്‍ സജ്ജീകരിക്കാൻ പാടുള്ളതല്ല.
- പോളിങ് സ്‌റ്റേഷനിലും പരിധിയിലും റെപ്രസെന്‍റേഷന്‍ ഓഫ് പീപ്പിള്‍ ആക്‌ട് 1951, സെക്ഷന്‍ 134 ബി പ്രകാരം നിയമപരമായി അനുവാദമുള്ളവരൊഴികെ മറ്റാരും ആയുധങ്ങള്‍ കൈവശം വെക്കാനോ പ്രദര്‍ശിപ്പിക്കാനോ പാടില്ല.