തിരുവനന്തപുരം: സംസ്ഥാനം മാത്രമല്ല, രാജ്യം തന്നെ ഉറ്റു നോക്കുന്ന തിരുവനന്തപുരം ലോക്‌സഭ മണ്ഡലം കൊട്ടിക്കലാശത്തിലേക്ക് കടക്കുമ്പോള്‍ മൂന്നു മുന്നണികളും അങ്കലാപ്പിലാണ്. ജയം ആര്‍ക്കെന്ന് പ്രവചിക്കാനാകാത്ത തരത്തിലുള്ള കാടിളക്കിയുള്ള പ്രചാരണമാണ് മൂന്നു മുന്നണികളും നടത്തിയത്. പൂര്‍ണമായും നഗര കേന്ദ്രീകൃത മണ്ഡലമല്ലാത്ത തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര, പാറശാല, കോവളം മണ്ഡലങ്ങള്‍ പൂര്‍ണമായും ഗ്രാമീണ മേഖലയിലാണ്.
വിശ്വപൗരനും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവുമായ ശശി തരൂരും, കേന്ദ്ര മന്ത്രിയും വ്യവസായിയും ടെക്‌നോ ക്രാറ്റുമായ രാജീവ് ചന്ദ്രശേഖറും മത്സര രംഗത്തെത്തിയതോടെ രാജ്യം ശ്രദ്ധിക്കുന്ന മണ്ഡലമായി തിരുവനന്തപുരം മാറി. സിറ്റിങ് എംപി ശശി തരൂര്‍ 15 വര്‍ഷം തലസ്ഥാനത്തിനു വേണ്ടി ഒന്നും ചെയ്‌തില്ലെന്ന വാദമുയര്‍ത്തിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രനും കളം പിടിക്കുന്നതെങ്കില്‍, 2009 മുതല്‍ 24 വരെ തലസ്ഥാനത്തിനായി ചെയ്‌ത കാര്യങ്ങള്‍ അക്കമിട്ടു നിരത്തിയാണ് തരൂരിന്‍റെ തിരിച്ചടി. അതുകൊണ്ടു തന്നെ പ്രചാരണത്തില്‍ ആര് പിന്നില്‍, ആര് മുന്നില്‍ എന്നു പറയാനാകാത്ത സ്ഥിതി. മൂന്നു പേരും കട്ടയ്ക്കു കട്ട.
തരൂര്‍ ഉയര്‍ത്തുന്ന വികസന നേട്ടങ്ങള്‍: തരൂരിന്‍റെ വികസന നേട്ടങ്ങളില്‍ പ്രഥമ സ്ഥാനം വിഴിഞ്ഞം തുറമുത്തിനാണ്. തെക്കന്‍ കേരളത്തിന്‍റെ മുഖച്ഛായ മാറ്റുന്ന ഈ പദ്ധതി ഇപ്പോള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് അടുത്തു കഴിഞ്ഞു. 2015 ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ താന്‍കൂടി മുന്‍കൈ എടുത്താണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയതെന്ന തരൂരിന്‍റെ അവകാശവാദത്തില്‍ കഴമ്പില്ലാതില്ല. ഇടതും ബിജെപിയും തുറമുഖത്തില്‍ പല അവകാശവാദങ്ങളും മുന്നോട്ടു വയ്ക്കുക തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്വാഭാവികം.
കഴക്കൂട്ടം-കാരോട് ദേശീയ പാതാ വികസനം, ദേശീയ പാത കഴക്കൂട്ടം-മുക്കോല ഒന്നാം റീച്ച്, മുക്കോല-കാരോട് രണ്ടാം റീച്ച്, 21.8 കോടി രൂപയുടെ പ്രധാനമന്ത്രി ഗ്രാമീണ്‍ സഠക് യോജന, 497 കോടി രൂപയുടെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍ വികസനം, തിരുവനന്തപുരത്തു നിന്നു രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പത്തോളം പുതിയ ട്രെയിനുകള്‍, തിരുവനന്തപുരത്തേക്ക് രണ്ട് വന്ദേഭാരത് ട്രെയിനുകള്‍, നേമം, കൊച്ചുവേളി, കഴക്കൂട്ടം, ബാലരാമപുരം, നെയ്യാറ്റിന്‍കര, പാറശാല റെയില്‍ വേസ്‌റ്റേഷനുകളുടെ വികസനം ഇവയൊക്കെയാണ് തരൂര്‍ സുപ്രധാന വികസന നേട്ടങ്ങളായി ഉയര്‍ത്തുന്നത്.
എല്ലാറ്റിനുമുപരി നരേന്ദ്രമോദി, സംഘപരിവാര്‍ നയങ്ങള്‍ക്കെതിരെ പാര്‍ലമെന്‍റില്‍ നടത്തിയ ഇടപെടലുകളില്‍ തിരുവനന്തപുരത്തെ മതേതര മനസ് സംതൃപ്‌തമാണെന്ന് തരൂര്‍ വിശ്വസിക്കുന്നു. നാലാമതൊരങ്കത്തിനിറങ്ങാന്‍ തരൂരിനെ പ്രേരിപ്പിച്ച ഘടകവും മത്സരരംഗത്ത് ആവേശ പൂര്‍വ്വം മുന്നേറാനുളള അത്മ വിശ്വാസം അദ്ദേഹത്തിനു നല്‍കുന്നതും ഇതാണ്. തെരഞ്ഞെടുപ്പില്‍ മതേതര വോട്ടുകളുടെ കേന്ദ്രീകരണം തിരുവനന്തപുരത്തുണ്ടാകുകയും അത് തനിക്കനുകൂലമാകുകയും ചെയ്യുമെന്ന ശുഭ പ്രതീക്ഷയിലാണ് തരൂര്‍. പക്ഷേ 15 വര്‍ഷത്തെ ആവര്‍ത്തന വിരസത ചില മേഖലകളിലെങ്കിലും ദൃശ്യമാണെങ്കിലും അത് പുതു വോട്ടര്‍മാരിലൂടെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
ഇനി കാര്യം നടക്കുമെന്നവകാശപ്പെട്ട് രാജീവ് ചന്ദ്രശേഖർ:കേരളത്തിന്‍റെ തലസ്ഥാനമുള്‍പ്പെടുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ 15 വര്‍ഷം തരൂര്‍ പിന്നിലേക്കു കൊണ്ടു പോയെന്നാണ് കേന്ദ്ര ഐടി മന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖറിന്‍റെ ആരോപണം. തിരുവനന്തപുരത്തിന് ഒരു വിഷന്‍ ഡോക്യുമെന്‍റു പോലും കൊണ്ടു വരാന്‍ തരൂരിനായില്ല.
അതിനാല്‍ ഇനി കാര്യം നടക്കുമെന്ന തലവാചകം പോസ്റ്ററുകളിലും ബാനറുകളിലും പതിപ്പിച്ചാണ് അദ്ദേഹം പ്രചാരണം ആരംഭിച്ചത്. തുടക്കത്തില്‍ സംസ്ഥാനത്തിനു പുറത്തു നിന്നുള്ള വ്യക്തിത്വം എന്ന നിലയിലുള്ള ചെറിയ നിസംഗത അണികള്‍ക്കുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അവര്‍ ആലസ്യം വിട്ടുണര്‍ന്ന് ഊര്‍ജ്ജസ്വലമായത് ബിജെപി ക്യാമ്പില്‍ ആഹ്ളാദമുയര്‍ത്തുന്നു. തിരുവനന്തപുരത്തിന് മുംബൈ മാതൃകയില്‍ സബര്‍ബന്‍ ട്രെയിന്‍, മെട്രോ റെയില്‍ തുടങ്ങിയ വമ്പന്‍ പദ്ധതികളാണ് രാജീവ് ചന്ദ്രശേഖറിന്‍റെ വാഗ്‌ദാനം.
ശതകോടീശ്വരന്‍മാര്‍ക്കിടയിലെ സാധാരണക്കാരനായി പന്ന്യന്‍ രവീന്ദ്രന്‍: 2005 മുതല്‍ 2009 വരെ തിരുവനന്തപുരത്തിന്‍റെ എംപിയായിരുന്ന പന്ന്യന്‍ തലസ്ഥാനത്തിന് അന്യനല്ല. സിപിഐ നേതാവ് എന്ന നിലയില്‍ അദ്ദേഹം തന്‍റെ കര്‍മ്മ മണ്ഡലം തിരുവനന്തപരത്തേക്ക് മാറ്റിയിട്ട് വര്‍ഷങ്ങളായി. പിന്നെ ലളിത ജീവിതത്തിനുടമയും സാധാരണക്കാരനും.