കേരളം

kerala

ETV Bharat / state

ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സ്: സ്വകാര്യ കമ്പനിക്ക് കൈമാറിയതിൽ ദുരൂഹത, അപ്പീല്‍ നല്‍കാന്‍ വ്യവസായ വകുപ്പ് - Transfer Of Steel Complex

കോഴിക്കോട്ടെ സ്റ്റീല്‍ കോംപ്ലക്‌സ് സ്വകാര്യ കമ്പനിക്ക് കൈമാറിയതിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി വ്യവസായ വകുപ്പ്. കോംപ്ലക്‌സ് സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ കമ്പനി ട്രിബ്യൂണല്‍ ഉത്തരവിട്ടത് കഴിഞ്ഞ ദിവസം.

STEEL COMPLEX ISSUE  TRANSFER OF STEEL COMPLEX  ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സ്  സ്റ്റീല്‍ കോംപ്ലക്‌സ് കൈമാറ്റം
Cheruvannur Steel Complex Issue (Source: ETV Bharat Reporter)

By ETV Bharat Kerala Team

Published : May 10, 2024, 1:21 PM IST

കോഴിക്കോട്:പൊതുമേഖല സ്ഥാപനമായ ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സ് സ്വകാര്യ കമ്പനിക്ക് കൈമാറിയതിൽ ദുരൂഹത. സ്ഥാപനം സംരക്ഷിക്കുമെന്ന് കോഴിക്കോട്ടെ ഇടതുമുന്നണി സ്ഥാനാര്‍ഥി എളമരം കരീം വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ ചുളുവിലക്ക് സ്ഥാപനം വിറ്റത് തൊഴിലാളി സംഘടകള്‍ പോലും അറിഞ്ഞില്ല.

വിഷയത്തില്‍ സര്‍ക്കാര്‍ ബോധപൂര്‍വം വീഴ്‌ച വരുത്തിയെന്ന ആക്ഷേപങ്ങള്‍ക്ക് പിന്നാലെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി വ്യവസായ വകുപ്പ്. 300 കോടി ആസ്‌തി വിലമതിക്കുന്ന പൊതുമേഖല സ്ഥാപനമായ ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സാണ് കഴിഞ്ഞ ദിവസം ഛത്തീസ്‌ഗഡ് ഔട്ട് സോഴ്‌സ്‌ സര്‍വീസെന്ന സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ നാഷണല്‍ കമ്പനി ട്രിബ്യൂണല്‍ ഉത്തരവിട്ടത്. കേന്ദ്ര പൊതുമേഖല സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയും സംസ്ഥാന പൊതുമേഖല സ്ഥാപനമായ സ്റ്റീല്‍ കോപ്ലക്‌സ് ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് സ്വകാര്യകമ്പനിക്ക് നല്‍കുന്നത്.

2013ല്‍ കനറ ബാങ്കില്‍ നിന്നെടുത്ത 45 കോടി രൂപ വായ്‌പ തിരിച്ചടവ് മുടങ്ങിയതാണ് ഈ കൈമാറ്റത്തിലേക്ക് നയിച്ചത്. കുടിശ്ശിക തുടര്‍ച്ചയായി അടയ്ക്കാതെ വന്നപ്പോള്‍ ബാങ്ക് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു.
ഒടുവില്‍ മുപ്പത് കോടിയോളം രൂപ നല്‍കാമെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ സ്ഥാപനം സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ കമ്പനി ലോ ട്രിബ്യൂണല്‍ ഉത്തരവിട്ടു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേസുമായി ബന്ധപ്പെട്ട വിസ്‌താരം പലതവണ നടന്നിട്ടും വായ്‌പ തിരിച്ചടവില്‍ കമ്പനി നടത്തിപ്പുകാരായ കേരള സര്‍ക്കാര്‍ വീഴ്‌ച വരുത്തിയെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നുമാണ് ആരോപണം. വ്യവസ്ഥകള്‍ പാലിക്കാതെയാണ് സ്ഥാപനത്തിന്‍റെ ഭൂമി കടബാധ്യതയില്‍ ഉള്‍പ്പെടുത്തിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ വാദം കേള്‍ക്കാതെയാണ് വിധിയും പ്രസ്‌താവിച്ചത്.

പ്രശ്‌ന പരിഹാരത്തിനായി കനറ ബാങ്കുമായി മൂന്നു തവണ യോഗം ചേര്‍ന്നിരുന്നെന്നും സംയുക്ത സംരംഭത്തെ സംരക്ഷിക്കാന്‍ കേന്ദ്ര സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ താത്പ‌ര്യവും കാണിച്ചില്ലെന്നും വ്യവസായ വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ABOUT THE AUTHOR

...view details