എറണാകുളം:വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പേരിലുളള പണപ്പിരിവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തളളി. സിനിമ നടനും കാസർകോട്ടെ അഭിഭാഷകനുമായ സി ഷുക്കൂർ സമർപ്പിച്ച ഹർജിയാണ് പിഴയോടെ തള്ളിയത്. ഹർജിക്കാരനോട് 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാൻ കോടതി നിർദേശിച്ചു.
ഹർജിയിൽ എന്ത് പൊതുതാൽപര്യമെന്ന് ചോദിച്ച കോടതി സംഭാവന നൽകുന്ന ജനങ്ങളുടെ ഉദ്ദേശ ശുദ്ധിയെ എന്തിന് സംശയിക്കുന്നെന്നും ഹർജിക്കാരനോട് ആരാഞ്ഞു. വയനാട് ദുരന്തത്തിന്‍റെ പേരിൽ നടത്തുന്ന പണപ്പിരിവും പുനരധിവാസും പൂർണമായി സർക്കാർ മേൽനോട്ടത്തിൽ വേണമെന്നാവശ്യപ്പെട്ടാണ് സി ഷുക്കൂർ ഹൈക്കോടതിയെ സമീപിച്ചത്. നിരവധി സംഘടനകൾ അക്കൗണ്ട് വഴി വിവിധ തലങ്ങളിൽ നിന്നും ഫണ്ട് ശേഖരിക്കുന്നു.