കേരളം

kerala

ETV Bharat / state

വഖഫ് നിയമഭേദഗതിയ്‌ക്ക് മുൻകാലപ്രാബല്യമില്ല; ക്രിമിനല്‍ കേസ് റദ്ദാക്കി ഹൈക്കോടതി

വഖഫ് ഭൂമി അനധികൃതമായി കൈവശം വച്ചതിന് കോഴിക്കോട്ടെ പോസ്റ്റൽ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ എടുത്ത ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കി.

WAQF LAND CONTROVERSY  HIGH COURT  വഖഫ് കേസ്  കേരള ഹൈക്കോടതി
High Court Of Kerala (e-Committee, Supreme Court of India Official Site)

By ETV Bharat Kerala Team

Published : Nov 12, 2024, 5:37 PM IST

എറണാകുളം:വഖഫ് ഭൂമി അനധികൃതമായി കൈവശം വച്ചെന്ന കേസ് ഹൈക്കോടതി റദ്ധാക്കി. കോഴിക്കോട്ടെ പോസ്റ്റല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രിമിനല്‍ കേസാണ് ഹൈക്കോടതി റദ്ധാക്കിയത്. വഖഫ് നിയമഭേദഗതിയ്‌ക്ക് മുൻകാല പ്രാബല്യമില്ലെന്നും കോടതി നിരീക്ഷിച്ചു.

വഖഫ് ഭൂമി അനധികൃതമായി കൈവശം വച്ചെന്നതിന്‍റെ പേരിൽ കോഴിക്കോട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ 2017ൽ രണ്ട് തപാൽ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നിലനിന്നിരുന്ന ക്രിമിനൽ കേസ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. കാലിക്കറ്റ് പോസ്‌റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട്, മാരിക്കുന്ന് സബ് പോസ്‌റ്റ് മാസ്‌റ്റര്‍ എന്നിവര്‍ക്കെതിരായ കേസാണ് റദ്ദാക്കിയത്.

1999 കാലഘട്ടം മുതൽ മാരിക്കുന്ന് പോസ്‌റ്റ് ഓഫിസ് ജെഡിറ്റി ഇസ്‌ലാം ഓർഫനേജ് കമ്മിറ്റിയുടെ വസ്‌തുവിന്മേൽ പാട്ടക്കരാർ അടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്നു. 2014-വരെ തപാൽ വകുപ്പ് ഓർഫനേജ് കമ്മിറ്റി ഭാരവാഹിക്ക് വാടകയും നൽകിയിരുന്നതാണ്. അതിനിടെ പാട്ടക്കരാർ അവസാനിപ്പിച്ചതായും ഭൂമി വിട്ടു കിട്ടണമെന്നുമാവശ്യപ്പെട്ട് ഓർഫനേജ് കമ്മിറ്റി തപാൽ വകുപ്പിന് വക്കീൽ നോട്ടിസ് അയച്ചു. പിന്നീട് ഭൂമിയുടെ അവകാശികൾ എന്നു പറയുന്നവർ വഖഫ് ട്രൈബ്യൂണലിനെ സമീപിക്കുയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

വഖഫ് ഭൂമി തപാൽ വകുപ്പ് കൈവശം വച്ചെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ഹർജിയിൽ തപാൽ വകുപ്പ് ബന്ധപ്പെട്ട സ്ഥലം 45 ദിവസത്തിനുള്ളിൽ വിട്ടുകൊടുക്കണമെന്നായിരുന്നു വഖഫ് ട്രൈബ്യൂണൽ ഉത്തരവ്. അതേസമയം തന്നെ വഖഫ് ബോർഡ് 2013 ലെ നിയമഭേദഗതി ചൂണ്ടിക്കാട്ടി കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു.

കോഴിക്കോട്ടെ കോടതി വഖഫ് ഭൂമി അനധികൃതമായി കൈവശം വച്ചതിന് മാരിക്കുന്ന് പോസ്‌റ്റ് മാസ്‌റ്റർ, കാലിക്കറ്റ് ഡിവിഷൻ പോസ്‌റ്റൽ സൂപ്രണ്ട് എന്നിവർക്കെതിരെ ക്രിമിനൽ കേസ് നടപടികളും സ്വീകരിച്ചു. 2013 വഖഫ് നിയമ ഭേദഗതിയിലെ 52 A വകുപ്പ് പ്രകാരം വഖഫ് ബോർഡിന്‍റെ അനുമതി കൂടാതെ ഭൂമി കൈവശം വച്ചാൽ രണ്ട് വർഷം വരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ്.

എന്നാൽ, ഇവിടെ ഹർജിക്കാരായ തപാൽ വകുപ്പ് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ കരാർ വ്യവസ്ഥകൾ 2013 ലെ വഖഫ് നിയമ ഭേദഗതിയ്ക്ക് മുന്നേ ഉണ്ടാക്കിയതാണെന്നും അതിനാൽ വകുപ്പ് 52 A യ്ക്ക് മുൻകാല പ്രാബല്യമില്ലെന്നും ഹൈക്കോടതി കണ്ടെത്തി. സമാനമായ കേസുകളിൽ സുപ്രീം കോടതിയുടെ മുൻ ഉത്തരവുകളും ഹൈക്കോടതി വിധിയ്ക്കാധാരമായി.

Also Read :വയനാട്ടിൽ അഞ്ചു പേര്‍ക്ക് വഖഫ് നോട്ടീസ്; സ്ഥലം സന്ദര്‍ശിച്ച് പി ജയരാജനും എം ടി രമേശും

ABOUT THE AUTHOR

...view details