എറണാകുളം:നിയമം ലംഘിച്ച് വാഹനം ഓടിച്ച സംഭവത്തിൽ ആകാശ് തില്ലങ്കേരിക്കെതിരെ സ്വമേധയ കേസെടുക്കുമെന്ന് ഹൈക്കോടതി. നമ്പർ പ്ലേറ്റില്ലാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയും നിയമം ലംഘിച്ച് കൊണ്ട് ആകാശ് തില്ലങ്കേരി നടത്തിയ ജീപ്പ് യാത്രയുടെ റീൽസടക്കം പരിശോധിച്ചാണ് ഇക്കാര്യത്തിൽ കർശന നടപടിയെടുക്കുവാനുള്ള ഹൈക്കോടതിയുടെ തീരുമാനം. ആകാശ് തില്ലങ്കേരിയ്‌ക്കെതിരെയും വടകരയിൽ സീബ്ര ലൈൻ മുറിച്ചു കടന്ന കുട്ടികളെ ബസ് ഇടിച്ച സംഭവത്തിലും സ്വമേധയ കേസെടുക്കുമെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് പറഞ്ഞു.
കൂടാതെ രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. എന്തും ചെയ്യാനുള്ള ലൈസൻസല്ലാ വ്ളോഗിങ് എന്നും കോടതി പറഞ്ഞു. നിയമ ലംഘന വാഹനയാത്രകളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.
അതിനാൽ യൂട്യൂബടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളും ജാഗ്രത പുലർത്തണമെന്നും കോടതി ഓർമ്മിപ്പിച്ചു. ബീക്കൺ ലൈറ്റ് ഉപയോഗിച്ചതിൽ സർക്കാർ വാഹനത്തിനെതിരെ നടപടി സ്വീകരിക്കുവാനും കോടതി നിർദേശം നൽകി. കെഎംഎംഎൽ എംഡിയുടെ വാഹനത്തിനെതിരെയാണ് നടപടി എടുക്കുക.
വാഹനത്തിൽ സംസ്ഥാന സർക്കാരിന്‍റെ ബോർഡ് ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി മോട്ടോർ വാഹന വകുപ്പിനോട് നടപടി എടുക്കാനും ആവശ്യപ്പെട്ടു. കൂടാതെ, നടപ്പാതകളിൽ വാഹനം പാർക്ക് ചെയ്യുന്നത് വ്യാപകമായ സാഹചര്യത്തിൽ സ്വമേധയാ കേസെടുത്ത് നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. വാഹനങ്ങളുടെ രൂപമാറ്റമടക്കമുള്ള വിഷയങ്ങൾ പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി നടപടി.
Also Read:നമ്പർ പ്ലേറ്റില്ലാത്ത ജീപ്പിൽ സീറ്റ് ബെൽറ്റില്ലാതെ യാത്ര; ആകാശ് തില്ലങ്കേരിക്കെതിരെ നടപടിയെടുക്കാതെ മോട്ടോർവാഹനവകുപ്പ്