എറണാകുളം:വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഹൈക്കോടതി ഇടപെടൽ. സംഭവത്തിൽ സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതി രജിസ്ട്രിക്ക് നിർദേശം നൽകി. മാധ്യമ വാർത്തകളുടെയും, ഹൈക്കോടതിക്ക് ലഭിച്ച കത്തിന്‍റെയും അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്.
കേസ് നാളെ (ഓഗസ്‌റ്റ് 9) രാവിലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും. അതിനിടെ വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്‌പര്യ ഹർജിയെത്തി. കാസർകോട് സ്വദേശി അഡ്വ സി ഷുക്കൂറാണ് ഹർജി നൽകിയത്.
നിരവധി സംഘടനകൾ അക്കൗണ്ട് വഴി വിവിധ തലങ്ങളിൽ നിന്നും ഫണ്ട് ശേഖരിക്കുന്നുണ്ടെന്നും, യാതൊരു മേൽനോട്ട സംവിധാനവുമില്ലാതെയാണ് ഫണ്ട് ശേഖരണമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. സർക്കാർ തലത്തിൽ സിഎംഡിആർഎഫ് വഴി ഫണ്ട് ശേഖരിക്കുന്നതിനിടെയാണ് സംഘടനകകളുടെ ഫണ്ട് ശേഖരണമെന്നും ഹർജിക്കാരൻ പറഞ്ഞു.