എറണാകുളം:വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതരോട് ബാങ്കുകൾ അനുകമ്പ കാട്ടണമെന്ന് ഹൈക്കോടതി. ദുരന്തബാധിതർക്ക് സർക്കാർ നൽകുന്ന സഹായത്തിൽ നിന്നും ഇഎംഐയും, വായ്‌പ കുടിശികയും പിടിക്കരുത്. ഇത് സംബന്ധിച്ച് സർക്കാർ ബാങ്കുകൾക്ക് നിർദേശം നൽകണമെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വാക്കാൽ വ്യക്തമാക്കി.
വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയായെടുത്ത കേസ് ഉള്‍പ്പെടെ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇടപെടൽ. ബാങ്കുകൾ മൗലികപരമായ കടമകൾ മറക്കരുതെന്നോർമ്മിപ്പിച്ച കോടതി ദുരന്തബാധിതരിൽ നിന്നും ഇഎംഐ പിടിച്ച സംഭവത്തെ അതിരൂക്ഷമായി വിമർശിച്ചു. അനുകമ്പയും സഹാനുഭൂതിയും നഷ്‌ടപ്പെട്ടുവല്ലോയെന്ന് ചൂണ്ടിക്കാട്ടിയ കോടതി ആദ്യ ദിവസങ്ങളിൽ എല്ലാവരും കൂടെ കരയും, പിന്നീട് ഇതുപോലെ കാണിക്കുമെന്നും കുറ്റപ്പെടുത്തി.