എറണാകുളം:മന്ത്രി സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ച പ്രസംഗത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. പൊലീസിന്‍റെ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. കുന്തം, കുടചക്രം എന്നീ വാക്കുകൾ ഉപയോഗിച്ചത് ഏത് സാഹചര്യത്തിൽ ആണെന്ന് പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി.
ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ തുടരന്വേഷണം വേണമെന്നുള്ള ഹർജി അംഗീകരിച്ച കൊണ്ടാണ് പൊലീസ് റിപ്പോർട്ട് കോടതി തള്ളിയത്. മന്ത്രി ഉപയോഗിച്ച വാക്കുകൾ അനാദരവ് ഉള്ളതെന്ന് ഹൈക്കോടതി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മന്ത്രി സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ച സംഭവത്തിൽ തുടരന്വേഷണം വേണമെന്നാണ് നിലവിൽ ഹൈക്കോടതിയുടെ ഉത്തരവ്. സംസ്ഥാന ക്രൈംബ്രാഞ്ചിലെ സത്യസന്ധനായ ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നാണ് ഡിജിപിക്ക് ഹൈക്കോടതി നൽകിയ നിർദേശം. കേസ് അന്വേഷണം അവസാനിപ്പിക്കണമെന്നും തുടർ അന്വേഷണം വേണ്ടെന്നുമുള്ള പൊലീസിന്‍റെ റഫർ റിപ്പോർട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് കോടതി ഉത്തരവും ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് റദ്ദാക്കി.
ആരോപണ വിധേയൻ സംസ്ഥാന മന്ത്രി ആയതിനാൽ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥർ കേസ് അന്വേഷിച്ചാൽ ശരിയാകില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്.
മന്ത്രി പങ്കെടുത്ത പരിപാടിയിൽ ഉണ്ടായിരുന്നവരുടെ മൊഴി മാത്രമാണ് പൊലീസ് രേഖപ്പെടുത്തിയത്. ഭൂരിഭാഗവും പാർട്ടി പ്രവർത്തകരായതിനാൽ പക്ഷപാതപരമായ മൊഴിയാകും ലഭിച്ചിട്ടുണ്ടാവുക. ഭരണഘടനയെ അപമാനിക്കുന്ന പ്രസംഗം മന്ത്രി നടത്തിയിട്ടില്ല എന്ന അന്വേഷണ ഉദ്യോഗസ്ഥന്‍റെ നിലപാട് ശരിയല്ല.
കുന്തം കൊടച്ചക്രം പോലെയുള്ള വാക്കുകൾ ഉപയോഗിച്ചത് ആദര സൂചകമായി ആണെന്ന് പറയാൻ ആകില്ലെന്നും ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. കൂടാതെ മന്ത്രി ഉപയോഗിച്ച വാക്കുകൾ അനാദരവ് ഉള്ളതെന്ന് വിലയിരുത്തിയ ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന്‍റെ നിഗമനം തെറ്റാണെന്നും വ്യക്തമാക്കി. മാധ്യമ പ്രവർത്തകരുടെയടക്കം മൊഴി എടുക്കാതെയും ഫോറൻസിക് പരിശോധനാ റിപ്പോർട്ടിന് കാത്ത് നിൽക്കാതെയുമാണ് പൊലീസ് റഫർ റിപ്പോർട്ട് സമർപ്പിച്ചത്.
ഈ റഫർ റിപ്പോർട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് കോടതി നടപടി നിയമപരമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രസംഗത്തിന്‍റെ ഓഡിയോ, വീഡിയോ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. സ്വതന്ത്ര അന്വേഷണം നടന്നില്ലെന്ന് ഹർജിക്കാരനായ ബൈജു നോയലും ഹർജി പരിഗണിച്ചപ്പോൾ ആരോപണം ഉന്നയിച്ചിരുന്നു. ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചു എന്ന ആരോപണം നിലനിൽക്കുന്നതല്ലെന്ന് പൊലീസിൻ്റെ റിപ്പോർട്ടിൽ പറഞ്ഞുവെങ്കിലും ഹൈക്കോടതി ഇത് തള്ളി.