തൃശൂർ: വയനാട്ടിലെ ഉരുൾപൊട്ടലിൽ കേന്ദ്ര സർക്കാർ യഥാവിധി സഹായം ലഭ്യമാക്കുന്നില്ലെന്ന വിമർശനം കടുപ്പിച്ച് കേരളം. ചൂരൽമലയ്ക്കായി ഒരു രൂപ പോലും തരാത്തവരാണ് കേന്ദ്രമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ കുറ്റപ്പെടുത്തി. കേരളവും കേന്ദ്രവും ശത്രു രാജ്യങ്ങൾ അല്ല. രണ്ടും ഒരേ ഭരണഘടനയുടെ ഭാഗമാണ്. ദുരന്തങ്ങൾ നടക്കുമ്പോൾ കേന്ദ്രം സംസ്ഥാനത്തിന്‍റെ കാവൽ മാലാഘയായി പ്രവർത്തിക്കണമെന്നും കെ രാജന്‍ ആവശ്യപ്പെട്ടു.
ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ എല്ലാ വിശദാംശങ്ങളും സമർപ്പിച്ചിട്ടുണ്ട്. നൽകിയ കണക്കിൽ പ്രശ്‌നമുണ്ടെങ്കിൽ കേന്ദ്രം രേഖാമൂലം അറിയിക്കണം. കേരള ഗവൺമെന്‍റ് കൊടുത്ത കണക്കിൽ തെറ്റുള്ളതായി ഇതുവരെ ഒരു അറിയിപ്പ് ലഭിച്ചിട്ടില്ല. കണക്കിലെ കളികളെക്കുറിച്ച് പറയുന്നതല്ലാതെ പരിശോധിച്ച മെമോറാണ്ടത്തിൽ എത്ര തരാൻ കഴിയും എന്ന് കേന്ദ്രം പറയുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഉരുൾപൊട്ടലിൽ ഉണ്ടായ നാശനഷ്‌ടങ്ങളുടെ കണക്കുകൾ സംസ്ഥാനം ഒരു വീഴ്ചയുമില്ലാതെ സമർപ്പിച്ചു. പിന്നീട് സംസ്ഥാനം മാനദണ്ഡങ്ങൾക്കനുസൃതമായി പോസ്റ്റ് ഡിസാസ്റ്റർ നീഡ്‌സ് അസസ്മെൻ്റും (പിഡിഎൻഎ) കേന്ദ്രത്തിന് നൽകി. എന്നാൽ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമായി സംസ്ഥാനത്തിന് അനുവദിക്കുന്ന തുകയെ കുറിച്ച് നാളിതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും കെ രാജന്‍ പറഞ്ഞു.