തിരുവനന്തപുരം :കുറഞ്ഞ ചെലവിൽ കലാമൂല്യമുള്ള സിനിമകൾ പ്രേക്ഷകർക്ക് ആസ്വദിക്കുന്നതിനായി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്‍റെ കീഴിൽ നിർമ്മിച്ച സി സ്പേയ്‌സ് ഒടിടി പ്ലാറ്റ്ഫോം (OTT Platform) മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു (Kerala Government's OTT Platform C Space Has Been Given To The Nation). ചെറിയ കുട്ടികളോട് ചോദിച്ചാൽ പോലും ഒടിടി പ്ലാറ്റ്ഫോമുകളുടെ പേരുകൾ പറയുന്ന കാലമാണിതെന്നും ഈ മാറ്റത്തെ ഉൾകൊള്ളലാണ് സി സ്പേസ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) പറഞ്ഞു. ആപ്പ് പ്ലേ സ്‌റ്റോറിലും ആപ്പ് സ്‌റ്റോറിലും ഇന്ന് (07-03-2024) മുതൽ ലഭ്യമാകും.
സി സ്പേസ് ഒ ടി ടി പ്ലാറ്റ്ഫോം :മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച് പേ പെർ വ്യൂ അടിസ്ഥാനത്തിൽ സിനിമ കാണാൻ കഴിയുന്നുവെന്നതാണ് സി സ്പേസിന്‍റെ പ്രത്യേകത. ഇത് പ്രകാരം കാണുന്ന സിനിമകൾക്ക് മാത്രം പണം നൽകിയാൽ മതി. അതായത് ഫീച്ചർ ഫിലിമിന് 75 രൂപയും ദൈർഘ്യം കുറഞ്ഞ കണ്ടെന്‍റുകൾ അതിൽ കുറഞ്ഞ തുകയ്ക്കും കാണാൻ കഴിയും. 40 മിനിറ്റ് ഉള്ള ചിത്രങ്ങൾക്ക് 40 രൂപയും 30 മിനിറ്റ് ചിത്രങ്ങൾക്ക് 30 രൂപയും 20 മിനിറ്റ് ചിത്രങ്ങൾക്ക് 20 രൂപ എന്നിങ്ങനെയുമാണ് നിരക്ക്.