തിരുവനന്തപുരം: സംസ്ഥാനത്തെ സർവീസ് സംഘടനകൾ നാളെ (ജനുവരി 24)ന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൺ പ്രഖ്യാപിച്ചു (Kerala government announced dies non for government employees strike). സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും യുഡിഎഫ് അനുകൂല സർവീസ് സംഘടനകളാണ് നാളെ പണിമുടക്ക് പ്രഖ്യാപിച്ചത്. ചീഫ് സെക്രട്ടറി വി വേണുവാണ് ഡയസ്നോൺ പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.
ജീവനക്കാർ ജോലിക്ക് ഹാജരായില്ലെങ്കിൽ ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ കുറവ് വരുത്താനാണ് ചീഫ് സെക്രട്ടറി നിർദേശം നൽകിയത്. അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ ജീവനക്കാർക്ക് അവധി കൊടുക്കരുതെന്നാണ് നിർദേശം. ആറു ഗഡുവായി ഡി എ നടപ്പിലാക്കുക, ലീവ് സറണ്ടർ സംവിധാനം പുനസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണത്തിലെ കുടിശിക അനിവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് തീരുമാനിച്ചത്.
യുഡിഎഫ് അനുകൂല സർവീസ് സംഘടനകളായ സെറ്റോ, യു ഡി ഇ എഫ് സംഘടനകളുടെ ഐക്യവേദിയും സംയുക്ത സമര സമിതിയും സംയുക്തമായി ആണ് പണിമുടക്ക് (Government employees and teachers strike) പ്രഖ്യാപിച്ചിരുന്നത്. നാളെ രാവിലെ 11.30ന് മുൻപായി വകുപ്പ് മേധാവിമാർ അതാത് ഓഫീസുകളിലെ ഹാജർ വിശദാംശങ്ങൾ പൊതുഭരണ വകുപ്പിനെ അറിയിക്കാനും നിർദേശമുണ്ട്. ജീവനക്കാർക്കോ അടുത്ത ബന്ധുക്കൾക്കോ അസുഖം, ജീവനക്കാരുടെ പരീക്ഷ സംബന്ധമായ ആവശ്യം, പ്രസവാവശ്യം തുടങ്ങിയ കാരണങ്ങളിൽ മാത്രമേ അവധി അനിവദിക്കാൻ പാടുള്ളു.
താത്കാലിക ജീവനക്കാർ അനുമതിയില്ലാതെ അവധിയിൽ പോയാൽ സർവീസിൽ നിന്നും നീക്കും. ചികിത്സയ്‌ക്കായി അവധി തേടുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണമെന്നും നിർദേശമുണ്ട്. ഹാജരാക്കുന്ന സർട്ടിഫിക്കറ്റിൽ സംശയം തോന്നിയാൽ മെഡിക്കൽ ബോർഡിന്‍റെ പരിശോധനക്ക് വിധേയമാക്കുമെന്നും നിർദേശമുണ്ട്.
അതേ സമയം സെക്രട്ടേറിയറ്റിലെ ജീവനക്കാർ അടക്കം പണിമുടക്ക് സമരത്തിൽ പങ്കാളികളാകുമെന്ന് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ അറിയിച്ചിട്ടുണ്ട്.