വനിത ഫയർ ഫോഴ്‌സ് ഓഫീസർ കിണറ്റിൽ ഇറങ്ങി ആട്ടിൻകുട്ടിയെ രക്ഷിക്കുന്നു (Source: Etv Bharat Reporter) കാസർകോട്:വനിത ഫയർ ഫോഴ്‌സ് ഓഫീസർ ആട്ടിൻകുട്ടിയെ കിണറ്റിൽ ഇറങ്ങി രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. കേരള ഫയർ ഫോഴ്‌സ് സർവീസിൽ പ്രവേശിച്ച ആദ്യ വനിത ഓഫീസർ അരുണ പി നായർ ആണ് സാഹസികമായി ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തിയത്.
കാസർകോട് ഉദുമ സ്വദേശി മുഹമ്മദലിയുടെ 50 അടിയോളം ആഴമുള്ള കിണറ്റിലാണ് ആട്ടിൻകുട്ടി വീണത്. ഉടൻ തന്നെ അഗ്നിരക്ഷ സേനയിൽ വിവരം അറിയിച്ചു. കാസർകോട് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ഒരു സംഘം സ്ഥലത്തെത്തുകയും വനിത ഓഫീസർ അരുണ പി നായർ കിണറ്റില്‍ ഇറങ്ങി ആട്ടിന്‍കുട്ടിയെ കരയ്ക്ക് കയറ്റുകയുമായിരുന്നു.
അഗ്നിരക്ഷാ സേനയിൽ ചേർന്നതിനു ശേഷം ആദ്യമായാണ് അരുണ കിണറിലിറങ്ങിയുള്ള രക്ഷാദൗത്യത്തില്‍ ഏര്‍പ്പെടുന്നത്. കിണറ്റിൽ ഇറങ്ങാൻ പേടിയുണ്ടായിരുന്നില്ലെന്നും ഏണിയിലിറങ്ങി പരിശീലനം നടത്തിയിട്ടുണ്ടെന്നും അരുണ പറഞ്ഞു. അപകട സ്ഥലത്തെ കിണറിൽ ഇറങ്ങിയത് വലയിലായിരുന്നതിനാല്‍ കൂടുതൽ ധൈര്യം ലഭിച്ചു. ഒപ്പം സീനിയർ ഉദ്യോഗസ്ഥരുടെ പിന്തുണയും അവർ ഒപ്പമുണ്ടാകുമെന്ന വിശ്വാസവുമുണ്ടായിരുന്നെന്നും അരുണ കൂട്ടിച്ചേര്‍ത്തു.
ബിരുദ പഠനത്തിന് ശേഷമാണ് ഈ ഇരുപത്തഞ്ചുകാരി അഗ്നിരക്ഷാ സേനയിൽ ട്രെയിനിയായി ചേരുന്നത്. മാർച്ച് 25-നാണ് കാസർകോട് അഗ്നിരക്ഷാ നിലയത്തിൽ എത്തിയത്. വിയ്യൂരിലെ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാദമിയിൽ ആറു മാസത്തെ അടിസ്ഥാന പരിശീലനം നേടിയതിന് ശേഷമാണ് സ്റ്റേഷൻ പരിശീലനത്തിനായി കാസർകോട് എത്തിയത്. സാഹസികത ഏറെ ഇഷ്‌ടപ്പെടുന്ന അരുണയ്ക്ക് പട്ടാളത്തിലോ പൊലീസിലോ ചേരണമെന്നായിരുന്നു ആഗ്രഹമെങ്കിലും പിഎസ്‌സി പരീക്ഷ എഴുതി കിട്ടിയത് അഗ്നിരക്ഷാസേനയിലായിരുന്നു.
READ ALSO: നടന്‍ മാത്യു തോമസിന്‍റെ കുടുംബം സഞ്ചരിച്ച വാഹനം ഓടയിലേക്ക് മറിഞ്ഞു; ബന്ധു മരിച്ചു