കേരളം

kerala

ETV Bharat / state

ലഹരി നുരയ്ക്കും മാജിക് മഷ്‌റൂം, കയ്യില്‍ വച്ചാല്‍ പിടിവീഴും ; മുന്നറിയിപ്പുമായി എക്സൈസ് വകുപ്പ് - EXCISE DEPARTMENT ON MAGIC MUSHROOM

മാജിക് മഷ്റൂം കയ്യില്‍ കരുതിയാല്‍ കുഴപ്പമുണ്ടോ ? പ്രചരിക്കുന്ന വാര്‍ത്തകളിലെ യാഥാര്‍ത്ഥ്യമെന്ത് ? ഇനി തെറ്റിദ്ധാരണ വേണ്ട.

USING MAGIC MUSHROOMS IS ILLEGAL  WHAT IS MAGIC MUSHROOM  USES OF MAGIC MUSHROOM  മാജിക് മഷ്റൂം
Representative Image (Getty)

By ETV Bharat Kerala Team

Published : Jan 20, 2025, 6:02 PM IST

തിരുവനന്തപുരം : നാളെ മുതല്‍ കേരളത്തിലെ ന്യൂ ജന്‍ പിള്ളേര്‍ ആഘോഷിച്ചു തുടങ്ങും... വളരെ സ്വാഭാവികമായി ഭൂമിയില്‍ വളരുന്ന ചെടികള്‍... അയിനാണ്.... നാലു പേരെ യുവാവ് വെട്ടിക്കൊല്ലുന്നു... സ്‌കൂള്‍ വിദ്യാര്‍ത്ഥി കുട്ടികളെ കുത്തിക്കൊല്ലുന്നു. സ്വാഭാവികം.. ഇനിയിപ്പം അങ്ങനെയാവാം അല്ലേ....

ജനുവരി 17 ന് ലഹരിക്കേസില്‍ 90 ദിവസമായി ജയിലില്‍ കഴിയുന്ന കര്‍ണാടക സ്വദേശിയുടെ കേസ് പരിഗണിക്കവേ ജഡ്‌ജ് നടത്തിയ നിരീക്ഷണങ്ങളെത്തുടര്‍ന്ന് ഫേസ്ബുക്കില്‍ നിറഞ്ഞ കമന്‍റുകള്‍ ഇത്തരത്തിലായിരുന്നു. മാജിക് മഷ്റൂം സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ് ആണ് അത് ലഹരി വസ്‌തുവല്ല... എന്ന അടിക്കുറിപ്പോടെയായിരുന്നു ഈ വിമര്‍ശനമൊക്കെ. കര്‍ണാടക സ്വദേശിയുടെ ഒരു കേസിന് പിന്നാലെയാണ് മാജിക് മഷ്‌റൂം എന്ന ജൈവ ലഹരി വസ്‌തുവിനെ കുറിച്ച് ജനങ്ങള്‍ വ്യാപകമായി ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്.

ഇക്കഴിഞ്ഞ ജനുവരി 17 നായിരുന്നു മാജിക് മഷ്റൂം ലഹരിയല്ലെന്നും സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസാണെന്നും ഹൈക്കോടതി നിരീക്ഷിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്. പ്രതിക്ക് ഹൈക്കോടതി ജാമ്യവും അനുവദിച്ചിരുന്നു.

FB post on Magic mushroom (Facebook)

226 ഗ്രാം മാജിക് മഷ്‌റൂമും 50 ഗ്രാം മാജിക് മഷ്‌റൂം ക്യാപ്‌സൂളുകളുമായിരുന്നു ഇയാളില്‍ നിന്നും എക്‌സൈസ് പിടിച്ചെടുത്തിരുന്നത്. ഇതോടെയാണ് മാജിക് മഷ്‌റൂം എന്ന ജൈവ ലഹരി വസ്‌തുവിനെ കുറിച്ച് ജനങ്ങള്‍ വ്യാപകമായി ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥൻ.

മയക്കുമരുന്നു നിരോധന നിയമമായ എന്‍.ഡി.പി.എസ് ആക്‌ടിന്‍റെ പരിധിയില്‍ മാജിക് മഷ്റൂം കൈവശം വയ്‌ക്കുന്നത് ഉള്‍പ്പെടില്ലെന്ന ഹൈക്കോടതി നിരീക്ഷണത്തിനു പിന്നാലെ പ്രചരിച്ച വാര്‍ത്തകള്‍ക്കു പിന്നിലെ സത്യാവസ്ഥ മനസിലാക്കണമെന്ന് എക്‌സൈസ് വകുപ്പിലെ ഡെപ്യൂട്ടി കമ്മിഷണര്‍ രാധാകൃഷ്‌ണൻ ഇ ടി വി ഭാരതിനോട് പറഞ്ഞു.

'സമൂഹത്തില്‍ പ്രചരിക്കുന്നത് ദുര്‍വ്യാഖ്യാനം'

ലഹരി കേസില്‍ വിചാരണ നേരിടുന്ന കര്‍ണാടക സ്വദേശിയുടെ കേസുമായി ബന്ധപ്പെട്ടാണ് കോടതിയുടെ പരാമര്‍ശമെന്നും ഇതിന്‍റെ ദുര്‍വ്യാഖ്യാനമാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മാജിക് മഷ്റൂമിന്‍റെ കാര്യത്തില്‍ രണ്ടു ഗ്രാം വരെ കൈവശം വച്ചാല്‍ നിയമപ്രകാരം ജാമ്യം ലഭിക്കും. 50 ഗ്രാം കഴിഞ്ഞാല്‍ കൊമേര്‍ഷ്യല്‍ ഉദ്ദേശത്തോടെ എന്ന വകുപ്പ് പ്രകാരം ജാമ്യം കിട്ടില്ല.

മാജിക് മഷ്‌റൂമല്ല, അതിന്‍റെ രാസഘടകമായ 'സൈലോസൈബിന്‍' (Psilocybine) ആണ് എന്‍.ഡി.പി.എസ് ആക്‌ടിന്‍റെ പരിധിയില്‍ വരിക. ജനുവരി 17 ന് പുറത്തുവന്ന കോടതി നിരീക്ഷണത്തിന് കാരണമായ കേസില്‍ പിടിച്ചെടുത്ത മാജിക് മഷ്‌റൂമിന്‍റെ അളവും അതിലെ സൈലോസൈബിന്‍റെ അളവും കണക്കുകൂട്ടിയാല്‍ പ്രതിക്ക് നിയമപ്രകാരം ജാമ്യം നല്‍കുന്നതില്‍ തെറ്റില്ല.

FB post on Magic mushroom (Facebook)

പ്രതിയില്‍ നിന്നും പിടിച്ചെടുത്ത മാജിക് മഷ്‌റൂമിനെ ഒരു ലഹരി മിശ്രിതമായി കണക്കാക്കണമെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു. ഒരു ലഹരി മറ്റേതെങ്കിലും വസ്‌തുവുമായി ചേര്‍ത്ത് ഒരു മിശ്രിതം ഉണ്ടാക്കിയാല്‍ മൊത്തം മിശ്രിതത്തിന്‍റെ അളവിനെ ലഹരിയുടെ അളവായി കണക്കാക്കി അതു പ്രകാരം ജാമ്യമോ ശിക്ഷയോ നിര്‍ണയിക്കാം. ഈ കേസില്‍ മഷ്‌റൂമിന്‍റെ മൊത്തം തൂക്കം രാസഘടകത്തിന്‍റെ തൂക്കമായി കണക്കാക്കിയാല്‍ കൂടിയ അളവായി വരികയും നിയമനടപടി കടുത്തതാവുകയും ചെയ്യും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.


ഈ സാഹചര്യത്തിലാണ് മഷ്‌റൂം സ്വാഭാവികമായുള്ള ഒരു ഫംഗസാണെന്നും ആരെങ്കിലും കൃത്രിമമായി ഉണ്ടാക്കിയെടുത്ത മിശ്രിതമല്ലെന്നും കോടതി നിരീക്ഷിച്ചത്. തുടര്‍ന്ന് പിടിച്ചെടുത്ത മഷ്‌റൂമിന്‍റെ അളവ് പ്രകാരവും മറ്റു സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്തും പ്രതിക്ക് ജാമ്യം അനുവദിക്കുകയും ചെയ്‌തു.

എന്നാല്‍ ഹൈക്കോടതിയുടെ വാക്കുകള്‍ വരെ തെറ്റായി ചിത്രീകരിച്ചാണ് പൊതുസമൂഹത്തിന് മുന്നിലെത്തിയത്. വാര്‍ത്തകള്‍ കണ്ടു ജനങ്ങള്‍ നാളെ മുതല്‍ മാജിക് മഷ്റൂം ഉപയോഗിച്ച് കിറുങ്ങി നടക്കാമെന്ന് കരുതിയാല്‍ എക്‌സൈസിന്‍റെ പിടിവീഴുമെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ വ്യക്തമാക്കി.

പുറത്ത് വന്ന വാര്‍ത്തകളിലെ കേസിലും പ്രതിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല. കേസിന്‍റെ വിചാരണയ്ക്ക് ശേഷമാകും ശിക്ഷയെന്നും അതു വരെ വിചാരണ തടവില്‍ നിന്നും മാത്രമാണ് ഒഴുവാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ശൈത്യ മേഖലയിലെ 'മാന്ത്രിക കൂണ്‍'

ശൈത്യ മേഖലയിലെ ഈർപ്പം നിറഞ്ഞ കാലാവസ്ഥയില്‍ ഫംഗസിന്‍റെ പ്രവര്‍ത്തനത്തിലൂടെയാണ് മാജിക് മഷ്റൂമിന്‍റെ സാന്നിധ്യമുണ്ടാവുകയെന്ന് കൊല്ലം ഫാത്തിമ മാതാ കോളജിലെ ബോട്ടണി പ്രൊഫസര്‍ സിനിലാല്‍ ഇടിവി ഭാരതിനോട് പറഞ്ഞു. സൈലോസൈബിന്‍ എന്ന രാസസാന്നിധ്യമാണ് മാജിക് മഷ്റൂമിനെ ലഹരി പദാര്‍ഥമാക്കുന്നത്.

സൈലോസൈബിന്‍ മഷ്റൂമെന്നാണ് മാജിക് മഷ്റൂമിന്‍റെ ശാസ്ത്രീയ നാമം. മധ്യ അമേരിക്കയിലെ മെക്‌സിക്കന്‍ മേഖലയിലാണ് മനുഷ്യര്‍ മാജിക് മഷ്റൂമിനെ ലഹരിയായി ഉപയോഗിച്ചു തുടങ്ങിയതെന്ന് പറയപ്പെടുന്നു. കേരളത്തിലെ മൂന്നാര്‍ മേഖലയില്‍ ഇതു വളരും.

Representative Image (Getty)

വ്യവസായികാടിസ്ഥാനത്തില്‍ ഇതിന്‍റെ നിര്‍മാണമുണ്ടോയെന്ന് വ്യക്തമല്ല. തണുത്ത ഈര്‍പ്പം നിലനില്‍ക്കുന്ന കാലാവസ്ഥ ഇതിന്‍റെ വളര്‍ച്ചയ്ക്ക് അനുകൂലമാണ്. ഉത്കണ്‌ഠ രോഗത്തിന് വേദന സംഹാരിയെന്ന പോലെ മാജിക് മഷ്റൂമില്‍ കാണുന്ന സൈനോസൈബിന്‍ ചെറിയ ഡോസില്‍ ഉപയോഗിക്കാറുണ്ടെന്നും സിനിലാല്‍ വ്യക്തമാക്കി.

ഓരോ രാജ്യങ്ങളിലും ഓരോ നിലയിലാണ് ഇതിന്‍റെ നിയമസാധുത്വം. വൈദ്യ മേഖലയില്‍ ഇതുപോലെ പല തരം ലഹരി നല്‍കുന്ന രാസപദാര്‍ഥങ്ങള്‍ വേദന സംഹാരിയായി ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രവർത്തനം തലച്ചോറിൽ, കേരളത്തിലെ കാടുകളിലും സുലഭം

സൈലോസൈബിൻ എന്ന രാസഘടകമടങ്ങിയ 15 ഇനം കൂണുകൾ കേരളത്തിലെ കാടുകളിലുണ്ടെന്ന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യൻ കോളജിലെ ബോട്ടണി വിഭാഗം പ്രൊഫസറും കൂൺ ഗവേഷകനുമായ ബിജീഷ് ഇ ടി വി ഭാരതിനോട് പറഞ്ഞു.

കേരളത്തിലെ മുഴുവൻ കാടുകളിലും ഇത്തരം കൂണുകളുടെ സാന്നിധ്യമുണ്ട്. ആന പിണ്ഡം, കാട്ടുപോത്തിന്‍റെ ചാണകം എന്നിവ കൂണിന്‍റെ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കും. വർഷം മുഴുവൻ ഈർപ്പമുള്ള കാലാവസ്ഥയുള്ളതിനാൽ കൊടൈക്കനാലിൽ എപ്പോഴും ഇതു സുലഭമായി ലഭിക്കും. ഇതിനെ ലഹരിയായി കാണുന്നവർ തേനിൽ മുക്കി വിഴുങ്ങുകയാണ് ചെയ്യുക.

Representative Image (Getty)

വയറ്റിലെത്തി ദഹിച്ച ശേഷം രക്തക്കുഴലുകൾ വഴി മാജിക്‌ മഷ്‌റൂമിൽ അടങ്ങിയിട്ടുള്ള സൈനോസൈബിൻ തലച്ചോറിലെത്തുമ്പോഴാകും ലഹരി അനുഭവപ്പെടുക. ഇതുപയോഗിച്ച ശേഷം തലവേദന, ഛർദ്ദിൽ, വയറിളക്കം എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്.

കാലപ്പഴക്കമുണ്ടായാൽ വയറിളക്കം രൂക്ഷമാകാനും സാധ്യതയുണ്ട്. എന്നാൽ മറ്റു ആരോഗ്യ പ്രശ്‌നങ്ങൾക്ക് സാധ്യതയില്ല. മറ്റു ലഹരി പദാർഥങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ആസക്തി കുറഞ്ഞ ലഹരിയാണിതെന്നും ബിജീഷ് വ്യക്തമാക്കി. പല യൂറോപ്യൻ രാജ്യങ്ങളിലും ഇതു നിയമപരമാണ്. ഒരുപാട് ഔഷധഗുണമുള്ള ഇതിലെ സൈനോസൈബിൻ സാന്നിധ്യം ഇന്ത്യയിൽ നിയമവിരുദ്ധമാണെന്നും ബിജീഷ് കൂട്ടിച്ചേര്‍ത്തു.

Read Also:വിഷക്കൂണ്‍ എങ്ങനെ തിരിച്ചറിയാം; സൂത്രമിതാ -

ABOUT THE AUTHOR

...view details