തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുപരീക്ഷകൾ പടിവാതിൽക്കൽ എത്തിനിൽക്കെ സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് പൊതു വിദ്യാഭ്യാസ വകുപ്പ്. ഇതേത്തുടർന്ന് എസ്എസ്എൽസി ഐടി പരീക്ഷയുടെയും ഹയർസെക്കൻഡറി പരീക്ഷകളുടെയും നടത്തിപ്പിന് സ്‌കൂളിന്‍റെ ദൈനംദിന ആവശ്യത്തിനായി രൂപീകരിച്ച പിഡി അക്കൗണ്ടിൽ നിന്ന് പണം എടുക്കാനാണ് സ്‌കൂൾ അധികൃതർക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നിർദ്ദേശം.
2022 - 23 അധ്യയന വർഷത്തെ പരീക്ഷ നടത്തിയതിൽ 44 കോടി കുടിശികയുണ്ട്. ഇത് നിലനിൽക്കെയാണ് പുതിയ നീക്കം. സർക്കാരിന് പണം ലഭിക്കുന്ന മുറയ്ക്ക് ചെലവായ തുക തിരികെ പിഡി അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും ഹെഡ്‌മാസ്‌റ്റർമാർക്ക് നൽകിയ ഉത്തരവിൽ പറയുന്നു. പൊതു പരീക്ഷ മാർച്ച് 1 ന് ആരംഭിക്കാനിരിക്കെയാണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള സർക്കാർ ഉത്തരവ്.
പരീക്ഷ ഇങ്ങെത്തി: സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി പരീക്ഷാ മുന്നൊരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 4 ന് ആരംഭിച്ച് മാര്‍ച്ച് 25 ന് അവസാനിക്കുന്ന രീതിയിലും ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാര്‍ച്ച് 1 ന് ആരംഭിച്ച് മാര്‍ച്ച് 26 ന് അവസാനിക്കുന്ന രീതിയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.
എസ്എസ്എല്‍സി പരീക്ഷയ്ക്ക് ആകെ 2971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഹയര്‍ സെക്കന്‍ററി പരീക്ഷയ്ക്ക് 2017 പരീക്ഷാ കേന്ദ്രങ്ങളിലായി ഒന്നാം വര്‍ഷം 4,15,044 വിദ്യാര്‍ത്ഥികളും രണ്ടാം വര്‍ഷം 4,44,097 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷ എഴുതുന്നത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററിയില്‍ 389 പരീക്ഷാ കേന്ദ്രങ്ങളിലായി ഒന്നാം വര്‍ഷം 27,770 കുട്ടികളും രണ്ടാംവര്‍ഷം 29,337 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ക്ക് കേരളത്തില്‍ മാത്രമേ സെന്‍ററുകള്‍ ഉള്ളൂ. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ക്ക് കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് എന്നീ മേഖലകളിലെ സെന്‍ററുകളുണ്ട്. 2024 ഏപ്രിലിലാണ് മൂല്യ നിര്‍ണയം. ഹയര്‍ സെക്കന്‍ററിയില്‍ എഴുപത്തി ഏഴും എസ്എസ്എല്‍സി ക്ക് എഴുപതും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററിയ്ക്ക് എട്ടും മൂല്യനിര്‍ണ്ണയ ക്യാമ്പുകളുമാണുള്ളത്.