തിരുവനന്തപുരം:പാലക്കാട് ജില്ലയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ (കെസിഎ) കീഴിൽ ക്രിക്കറ്റ് സ്‌റ്റേഡിയം വരുന്നു. മലബാര്‍ ദേവസ്വത്തിന്‍റെ കീഴിലുള്ള പാലക്കാട് ശ്രീ ചാത്തന്‍കുളങ്ങര ദേവി ക്ഷേത്രം ട്രസ്‌റ്റിന്‍റെ 21 ഏക്കര്‍ സ്ഥലത്താകും സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയത്തിന്‍റെ നിർമാണം ആരംഭിക്കുകയെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കായിക പദ്ധതിയില്‍ രണ്ട് ക്രിക്കറ്റ് ഗ്രൗണ്ടുകള്‍, ഫ്ലഡ് ലൈറ്റ്, ക്ലബ് ഹൗസ്, നീന്തല്‍ കുളം, ബാസ്‌കറ്റ് ബോള്‍, ഫുട്‌ബോള്‍ മൈതാനങ്ങള്‍, കൂടാതെ മറ്റ് കായിക ഇനങ്ങള്‍ക്കുള്ള സൗകര്യങ്ങളുമുണ്ടാകും.
ലീസ് എഗ്രിമെന്‍റിന്‍റെ അടിസ്ഥാനത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ 33 വര്‍ഷത്തേക്കാണ് ഭൂമി ഏറ്റെടുക്കുക. പദ്ധതിയിലൂടെ ക്ഷേത്രത്തിന് 21,35,000 രൂപ വർഷം തോറും ലഭിക്കും. കൂടാതെ 10 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും കെസിഎ നല്‍കും. പദ്ധതിയുടെ ഭാഗമായി പ്രദേശവാസികള്‍ക്ക് ജോലിക്ക് മുന്‍ഗണനയുണ്ടാകും.
ഭഗവതി ക്ഷേത്രത്തിന്‍റെയും അസോസിയേഷന്‍റെയും പേരിലായിരിക്കും സ്‌പോര്‍ട്‌സ് ഹബ് നിര്‍മിക്കുക. ഈ വര്‍ഷം ഡിസംബറില്‍ കരാര്‍ ഒപ്പിടും. 2025 ജനുവരിയോടെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കും. ആദ്യഘട്ട നിര്‍മാണം 2026ന് പൂര്‍ത്തിയാക്കാനാണ് തീരുമാനം. 2027 ഏപ്രില്‍ മാസത്തോടെ സ്‌റ്റേഡിയത്തിന്‍റെ നിർമാണം പൂർത്തീകരിക്കുകയാണ് കെസിഎയുടെ ലക്ഷ്യം.