തിരുവനന്തപുരം:പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ പ്രമുഖ വ്യവസായികളിൽ ഒരാളായിരുന്ന രത്തൻ ടാറ്റയുടെ നിര്യാണത്തിൽ അനുശോചിക്കുന്നുവെന്നും, രാജ്യത്തെ വ്യവസായ മേഖലയുടേയും നൂതന സാങ്കേതിക മേഖലകളുടേയും വളർച്ചയിൽ അദ്ദേഹത്തിന്‍റെ പങ്ക് വളരെ പ്രധാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ ടാറ്റ നൽകിയ സംഭാവനകൾ സ്‌മരണീയമാണ്. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ കുറിച്ചു.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് സഹായിമായി 500 കോടി രൂപ രത്തൻ ടാറ്റ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുണ്ടായിരുന്ന കാസര്‍ഗോഡ് ജില്ലയ്‌ക്ക് വേണ്ടി പ്രത്യേക ആശുപത്രി നിര്‍മിക്കാനും 65 കോടിയോളം രൂപയാണ് രത്തൻ ടാറ്റ അന്ന് അനുവദിച്ചിരുന്നത്. 2018ല്‍ കേരളം പ്രളയം നേരിട്ടപ്പോഴും സഹായഹസ്‌തവുമായി രത്തൻ ടാറ്റ രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കേരളത്തിന് വേണ്ടി രത്തൻ ടാറ്റ ചെയ്‌ത വികസന പ്രവര്‍ത്തനങ്ങള്‍ എടുത്തുപറഞ്ഞ് മുഖ്യമന്ത്രി അദ്ദേഹത്തെ അനുസ്‌മരിച്ചത്.
രക്തസമ്മര്‍ദ്ദം കുറഞ്ഞതിന് പിന്നാലെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് രത്തൻ ടാറ്റ അന്തരിച്ചത്. 3800 കോടികോളം രൂപയുടെ ആസ്‌തിയുള്ള രത്തൻ ടാറ്റയും സാമ്രാജ്യം ആറ് ഭൂഖണ്ഡങ്ങളിലായി നൂറിലേറെ രാജ്യങ്ങളിൽ പടർന്നു കിടക്കുന്നു. ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചു ടാറ്റയെ മുന്നോട്ടു നയിച്ചു. ജീവകാരുണ്യത്തിനായി വരുമാനത്തിന്റെ വലിയൊരു ഭാഗം നീക്കിവച്ച രത്തൻ ടാറ്റ ഒട്ടേറെ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിൽ മുൻകയ്യെടുത്തു. രത്തൻ ടാറ്റയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയ്‌ക്ക് പുറമെ ലോകമെമ്പാടും വ്യാപിച്ച് കിടക്കുന്നു.