തിരുവനന്തപുരം:സംസ്ഥാനത്തെത്തുന്ന വിദേശ, അന്യ സംസ്ഥാന വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിനോദ സഞ്ചാരികളുടെയും സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് നിര്‍ദേശം നല്കി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, റിസോര്‍ട്ട്, ഹോം സ്റ്റേ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
ഹോം സ്റ്റേകള്‍ പ്രോത്സാഹിപ്പിക്കണമെന്നും എന്നാല്‍ കരുതലുകള്‍ സ്വീകരിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ഹോം സ്റ്റേകള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപന ലൈസന്‍സും ജിഎസ്ടി രജിസ്ട്രേഷനും ഉറപ്പാക്കണം. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ശുചിമുറികള്‍ വൃത്തിയായി സൂക്ഷിക്കണം.
ക്ലീന്‍ ഡെസ്റ്റിനേഷന്‍ ക്യാമ്പയിന് വ്യാപിപ്പിക്കണം. വേസ്റ്റ് ബിന്നുകള്‍ ആവശ്യത്തിന് സ്ഥാപിക്കണം. അതത് സ്ഥലങ്ങളിലെ മാലിന്യ നീക്കത്തിന് ഹരിത കര്‍മ്മ സേനയെ ചുമതലപ്പെടുത്തിയെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ബോട്ടുകളും വള്ളങ്ങളും ഉപയോഗിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം. റിസോട്ടുകള്‍ ബോട്ടിങ് നടത്തുമ്പോള്‍ ലൈഫ് ഗാര്‍ഡുകള്‍ ഉണ്ടാകണം. ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വെരിഫിക്കേഷന് നടത്തി ഹൗസ് ബോട്ടുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കണം. യാത്രികര്‍ക്ക് സുരക്ഷ ഉറപ്പാക്കണം.