കാസർകോട്: ലൈംഗികാരോപണ പരാതിയിൽ സസ്പെൻഡ് ചെയ്യുകയും പിന്നീട് തിരിച്ചെടുക്കുകയും വീണ്ടും സസ്‌പെൻഡ് ചെയ്യുകയും ചെയ്‌ത കേന്ദ്ര സർവകലാശാല അധ്യാപകൻ ആത്മഹത്യ ഭീഷണിയുമായി രംഗത്ത്. പെരിയ കേന്ദ്ര സര്‍വകലാശാല എം എ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസർ ഇഫ്‌തിഖർ അഹമ്മദാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. കഴിഞ്ഞ ദിവസമാണ് ഇഫ്‌തിഖറിന്‍റെ സസ്പെൻഷൻ പിൻവലിച്ച് തിരിച്ചെടുത്തത്.
എന്നാൽ, വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് വീണ്ടും സസ്പെൻഡ് ചെയ്യുകയായിരുന്നു.
താൻ ആത്മഹത്യ ചെയ്‌താൽ അതിന്‍റെ ഉത്തരവാദിത്വം എസ്എഫ്ഐക്കും വിസിക്കുമാണെന്ന് ഇഫ്‌തിഖർ ഫേസ്ബുക്ക് പോസ്‌റ്റിൽ പറയുന്നുണ്ട്. ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി കുറ്റവിമുക്തനാക്കിയിട്ടും തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നാണ് ആരോപണം.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
'ഞാൻ അഥവാ, എന്തെങ്കിലും കാരണവശാൽ ആത്മഹത്യ ചെയ്യുകയാണെങ്കിൽ അതിന്‍റെ പൂർണ്ണ ഉത്തരവാദിത്തം സിയുകെ എസ്‌എഫ്‌ഐക്കും, വിസി ഇൻ ചാർജ്ജ് പ്രൊഫസർ കെസി ബൈജുവിനും ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്‍റ് എച്ച്ഒഡി ആശയ്ക്കും, മെഡിക്കൽ ഓഫിസർ ആരതിക്കും, ഇവരുടെ ആജ്ഞകൾ അനുസരിച്ച് പാവക്കൂത്ത് നടത്തിയ എംഎ ഇംഗ്ലീഷ് ഒന്നാം സെമസ്‌റ്ററിലെ ആറ് വിദ്യാർഥിനികൾക്കും (പേരുകൾ ഞാൻ എന്‍റെ ഭാര്യക്കും മക്കൾക്കും നൽകിയിട്ടുണ്ട്) അവരുടെ കൂട്ടാളികൾക്കും, മാധ്യമം/ ദേശാഭിമാനി കാസർകോട് ബ്യുറോ ചീഫുമാർക്കും മാത്രം ആയിരിക്കും എന്ന എന്‍റെ ആത്മഹത്യാക്കുറിപ്പ് മുൻകൂറായി ഇവിടെ രേഖപ്പെടുത്തുന്നു'.