തിരുവനന്തപുരം :ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ കേരളം മുന്നിലെന്ന് സംസ്ഥാന ബജറ്റിനിടെ ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തിന്‍റെ ലക്ഷ്യം നവകേരള സൃഷ്‌ടിയെന്നും കേരള വിരുദ്ധരെ നിരാശപ്പെടുത്തുന്ന നേട്ടം കൈവരിക്കാൻ കഴിഞ്ഞുവെന്നും ധനമന്ത്രി പറഞ്ഞു. സാമൂഹ്യ പെൻഷൻ അടക്കമുള്ളവ നിലയ്ക്കാനും സാധാരണക്കാരായ ജനങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇല്ലാതാക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വികസന ക്ഷേമപ്രവർത്തനങ്ങൾ എന്ത് വിലകൊടുത്തും തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി.
മുതിർന്ന പൗരർക്കായി സംസ്ഥാനത്ത് കൂടുതൽ കെയർ സെന്‍ററുകൾ ആരംഭിക്കും. കേരളത്തിന് പുറത്ത് നിന്നുള്ളവര്‍ക്കും വിദേശത്തുള്ളവര്‍ക്കും ഇവിടെ പരിചരണം നല്‍കും. കെയർ ഹബ്ബായി കേരളം മാറുന്നത് സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാകും. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ അന്തർ ദേശീയ കേന്ദ്രങ്ങളായിരിക്കും സംസ്ഥാനത്ത് ആരംഭിക്കുകയെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
ക്ഷേമ പെൻഷൻ തുകയിൽ വർധനയില്ല. അടുത്ത സാമ്പത്തിക വർഷം പെൻഷൻ കൃത്യമായി നൽകാനുള്ള നടപടി സ്വീകരിക്കും. നിലവിൽ പ്രതിമാസ പെൻഷൻ 1600 രൂപയാണ്. ഫെബ്രുവരി അവസാനമാകുമ്പോൾ 6 മാസം കുടിശ്ശികയാകും. ഒരു മാസം 900 കോടി രൂപയാണ് പെൻഷനായി വേണ്ടത്.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് ജീവനക്കാർക്ക് സുരക്ഷിതത്വമുള്ള പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി അറയിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി പരിശോധിക്കും. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ജീവനക്കാർക്ക് ഒരു ഗഡു ഡിഎ ഏപ്രിലിലെ ശമ്പളത്തോടൊപ്പം നൽകും.
അതിദാരിദ്ര്യ നിർമാർജനത്തിന് 50 കോടി ബജറ്റിൽ വകയിരുത്തി. 2025ൽ അതിദാരിദ്ര്യം ഇല്ലാതാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയിൽ 2025ൽ അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കും. ഇതുവരെ 17,000 കോടി രൂപയാണ് നൽകിയത്. ഇനി 10,000 കോടി രൂപയാണ് ലൈഫ് പദ്ധതിക്കായി വേണ്ടത്. ദീര്‍ഘകാല വായ്‌പ പദ്ധതികള്‍ ഉപയോഗിച്ച് വീട് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും.