തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ വരുമാന പരാധീനതകൾ 5 വര്‍ഷത്തിനകം നിര്‍മാര്‍ജ്ജനം ചെയ്യുന്ന തരത്തില്‍ ഒരു പ്രവര്‍ത്തന പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍. 2024 -25 ബജറ്റ് പ്രഖ്യാപനത്തിലാണ് മന്ത്രി ഈ പ്രസ്‌താവന പറഞ്ഞത്. മത്സ്യ മേഖലയില്‍ ഉയർന്നുവരുന്ന ആധുനിക തൊഴില്‍ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന വിധത്തില്‍ പ്രാദേശിക ജന വിഭാഗങ്ങൾക്ക് നൈപുണ്യ പരിശീലനം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്വ ഫണ്ട് ഉപയോഗിക്കുകയും സര്‍ക്കാര്‍ സഹായം ലഭ്യമാക്കുകയും ചെയ്യുമെന്നും കെ എൻ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
തീരദേശവാസികളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും പഠിക്കാനും പരിഹാര നടപടികൾ സ്വീകരിക്കാനുമായി സംസ്ഥാനത്തെ തീരദേശമണ്ഡലങ്ങളില്‍ സംഘടിപ്പിച്ച തീര സദസ്സിലൂടെ ലഭിച്ച നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പരിശോധിച്ച് സര്‍ക്കർ ഉചിതമായ നടപടികൾ സ്വീകരിച്ച് വരുകയാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് സർക്കാർ പ്രത്യേക പരിഗണനകൾ നല്‍കിവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മത്സ്യബന്ധനമേഖലയ്‌ക്കാകെ 227.12 കോടി രൂപയാണ് വകയിരുത്തിയത്. പട്രോളിങ്ങ് ബോട്ടുകൾ എടുക്കുന്നതുൾപ്പെടെ മത്സ്യവിഭവങ്ങളുടെ സംരക്ഷണവും പരിപാലനവും ഉറപ്പാക്കാനുള്ള പദ്ധതിക്കായി 9 കോടി രൂപ നീക്കിവയ്‌ക്കുന്നു. പഞ്ഞമാസങ്ങളില്‍ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം നല്‍കുന്ന പദ്ധതിയാണ് സേവിങ് കം റിലീഫ് സ്‌കീം ഈ സ്‌കീമില്‍ കേന്ദ്ര സര്‍ക്കാർ ആനുപാതിക വിഹിതം നല്‍കാത്ത സാഹചര്യത്തില്‍ സംസ്ഥാനം അതുകൂടി നല്‍കേണ്ട അവസ്ഥയാണ് എന്ന് മന്ത്രി ബജറ്റ് പ്രഖ്യാപനത്തിനിടെ സൂചിപ്പിച്ചു. ഈ സ്‌കീമിന്‍റെ സംസ്ഥാനവിഹിതമായി 22 കോടി രൂപ മാറ്റി വയ്‌ക്കുന്നു എന്നും മന്ത്രി പറഞ്ഞു.
ഉൾനാടൻ മത്സ്യബന്ധനം മേഖലയ്‌ക്ക് ഏഴ് പദ്ധതികളായി 80.91 കോടി രൂപ വകയിരുത്തുന്നു. ഇതില്‍ 67.5 കോടി രൂപ അക്വാ കൾച്ചര്‍ വികസനം എന്ന പദ്ധതിക്കാണ്. മത്സ്യ ഫാമുകൾ നഴ്‌സറി ഹാച്ചറികൾ എന്ന പദ്ധതിക്ക് 18 കോടി രൂപ മാറ്റി വയ്‌ക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. അരൂരില്‍ പൊതു മലിനജല സംസ്‌കരണശാല സ്ഥാപിക്കുന്നതിന് 10 കോടി രൂപ വകയിരുത്തുന്നു എന്നും കെഎൻ ബാലഗോപാല്‍ പറഞ്ഞു.