കോഴിക്കോട്: മദ്യവിൽപന ശാലകളുടെ പരിസരത്ത് മാത്രം കാണാനാകുന്ന ഒരു സ്ഥിരം കാഴ്‌ചയുണ്ട്. സ്റ്റിക്കർ പ്രളയം. ഈ സ്റ്റിക്കര്‍ എല്ലാവര്‍ക്കും ഒരു ബാധ്യതയാണ്. കുപ്പി കൈയിൽ കിട്ടിയാലുടൻ സ്റ്റിക്കർ പറിച്ച് ചുമരിലൊട്ടിക്കും. സ്റ്റിക്കറെങ്ങാനും എവിടെങ്കിലും പറ്റിപ്പിടിച്ചാൽ ഉണ്ടാകുന്ന പല ഭവിഷ്യത്തുകളും ഒഴിവാക്കാനാണിത്.
ആരംഭിച്ചിട്ട് ഒമ്പത് മാസമേ ആയിട്ടുള്ളൂവെങ്കിലും പേരാമ്പ്രയിലുള്ള മദ്യശാലയുടെ പരിസരത്തെല്ലാം സ്റ്റിക്കറുകളുടെ കൊളാഷാണ്. എന്നാല്‍ ഇതങ്ങനെ നിസാരമായി ഒഴിവാക്കേണ്ട ഒരു സാധനമാണോ..? ഒരിക്കലുമല്ല. ഇനി സ്റ്റിക്കര്‍ പറിച്ചുകളയാന്‍ വരട്ടെ...
സർക്കാർ അംഗീകൃത വിൽപന ശാലകളിൽ നിന്ന് വാങ്ങിക്കുന്ന മദ്യത്തിന് നൽകുന്ന സർക്കാർ മുദ്രയാണിത്. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ എംബ്ളം, എക്സൈസ് കമ്മീഷണറുടെ ഒപ്പ്, കണക്ക് തിട്ടപ്പെടുത്തുന്ന കോഡ് എന്നിവയാണ് ഇതിൽ അടയാളപ്പെടുത്തുന്നത്. മദ്യം കഴിക്കുന്നവർ അതിന്‍റെ ലഹരി മാറി സ്വബോധത്തിൽ എത്തുന്നത് വരെയെങ്കിലും ഈ സ്റ്റിക്കർ സൂക്ഷിക്കണം എന്നാണ് ബെവ്കോ അധികൃതർ പറയുന്നത്. കാരണം മദ്യത്തിൽ മായം കലർന്ന് ജീവൻ നഷ്‌ടപ്പെട്ടാൽ നഷ്‌ടപരിഹാരം വരെ ലഭിക്കാൻ ഈ സ്റ്റിക്കർ ഉപകരിക്കും. അല്ലെങ്കിൽ കഴിച്ചത് വ്യാജമദ്യമായി മുദ്രകുത്തപ്പെടും.