തിരുവനന്തപുരം:കേരള ബാങ്കിന് നിയന്ത്രണവുമായി റിസർവ് ബാങ്ക്. വായ്‌പ വിതരണത്തിനടക്കം നിയന്ത്രണം വരുത്തിക്കൊണ്ടാണ് കേരള ബാങ്കിനെതിരെ റിസർവ് ബാങ്ക് നടപടി സ്വീകരിച്ചിരിക്കുന്നത്. ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് തരം താഴ്‌ത്തിയതായും വ്യക്തിഗത വായ്‌പ നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയതായും കേരള ബാങ്കിന്‍റെ വിവിധ ശാഖകളിലേക്ക് അയച്ച കത്തിൽ പറയുന്നു. കേരള ബാങ്കിന്‍റെ മാനദണ്ഡങ്ങൾ വിലയിരുത്തി കൊണ്ടുള്ള നബാർഡിന്‍റെ റിപ്പോർട്ടിന് അനുസരിച്ചാണ് റിസർവ് ബാങ്ക് നടപടി സ്വീകരിച്ചിരിക്കുന്നത്.
25 ലക്ഷത്തിന് മുകളിൽ വ്യക്തിഗത വായ്‌പ നൽകുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കൂടാതെ ഇതുവരെ നൽകിയ ഇത്തരം വായ്‌പകൾ ഘട്ടം ഘട്ടമായി തിരിച്ച് പിടിക്കാനും റിസർവ് ബാങ്ക് നിർദേശം നൽകിയിട്ടുണ്ട്. കേരള ബാങ്കിലെ 80 ശതമാനം വായ്‌പകളും വ്യക്തിഗത വായ്‌പകളാണ്. അതിനാൽ തന്നെ റിസർവ് ബാങ്കിന്‍റെ പുതിയ തീരുമാനം കേരള ബാങ്കിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.