തിരുവനന്തപുരം : ടി പി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകി വിട്ടയക്കാനുള്ള സർക്കാർ നീക്കത്തെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ സ്‌തംഭിച്ചു. ഇതുസംബന്ധിച്ച് പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ് സ്‌പീക്കർ പരിഗണനയ്‌ക്കെടുക്കാൻ തയ്യാറാകാത്തതിൽ പ്രകോപിതരായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി സഭാനടപടികൾ തടസപ്പെടുത്തുകയായിരുന്നു. പ്രതിപക്ഷ ബഹളം അനിയന്ത്രിതമായതോടെ സഭാനടപടികൾ വെട്ടിച്ചുരുക്കി സ്‌പീക്കർ എഎൻ ഷംസീർ സഭ ഇന്നത്തേയ്ക്ക് പിരിയുകയാണെന്ന് അറിയിക്കുകയായിരുന്നു.
പ്രതിപക്ഷത്ത് നിന്നും ടിപി ചന്ദ്രശേഖരന്‍റെ ഭാര്യ കൂടിയായ കെകെ രമയാണ് ശൂന്യവേളയിൽ പ്രശ്‌നം അടിയന്തര പ്രമേയ നോട്ടീസിലൂടെ സഭയിൽ അവതരിപ്പിക്കാൻ അനുമതി തേടിയത്. എന്നാൽ, സർക്കാർ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിട്ടില്ലെന്നും തീരുമാനമെടുക്കാത്തൊരു വിഷയം സഭയിൽ ഉന്നയിക്കാനാവില്ലെന്നും സ്‌പീക്കർ നിലപാടെടുത്തു. എന്നാൽ ആഭ്യന്തര വകുപ്പ് കൈക്കൊള്ളുന്ന നടപടികളെ കുറിച്ച് വിശദീകരിക്കേണ്ടത് സ്‌പീക്കർ അല്ലെന്നും അതിന് മറുപടി നൽകേണ്ടത് ആഭ്യന്തര വകുപ്പിന്‍റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് എഴുന്നേറ്റെങ്കിലും സ്‌പീക്കർ ശ്രദ്ധക്ഷണിക്കലിലേക്ക് കടക്കുകയായിരുന്നു.