എറണാകുളം: വയനാട് ജില്ലയിൽ വന്യമൃഗങ്ങളുടെ ആക്രമണം വർധിക്കുന്ന സംഭവങ്ങളിൽ ഉത്കണ്‌ഠ രേഖപ്പെടുത്തി കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ (കെസിബിസി). വിഷയം ഗൗരവമായി കാണണമെന്നും, സത്വരവും പ്രായോഗികവുമായ ഇടപെടലുകൾ നടത്തണമെന്ന കേന്ദ്ര-സംസ്ഥാന-സർക്കാരുകളോട് കത്തോലിക്കാ സഭ അഭ്യർത്ഥിച്ചു.
"വന്യമൃഗങ്ങളുടെ ആക്രമണം അനുദിനം വർദ്ധിക്കുകയും സുരക്ഷിതത്വബോധം പൂർണ്ണമായും നഷ്‌ടപ്പെടുകയും ചെയ്യുന്നതിനാൽ പ്രദേശവാസികളുടെ നിലവിലെ അവസ്ഥ ദയനീയമാണ്. ഈ ഘട്ടത്തിൽ സത്വരവും പ്രായോഗികവുമായ ഇടപെടലുകൾ നടത്താൻ കേന്ദ്ര-സംസ്ഥാന സർക്കാർ സംവിധാനങ്ങൾ തയ്യാറാകണം." കെസിബിസി പ്രസ്‌താവനയിൽ പറഞ്ഞു.
പൗരന്മാരുടെ ജീവനും സ്വത്തിനും വൻ ഭീഷണിയുയർത്തുന്ന വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാൻ അനുവദിക്കുന്ന നയങ്ങൾ രൂപീകരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കെസിബിസി പ്രസിഡൻ്റ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പ്രസ്‌താവനയിൽ പറഞ്ഞു.
Also Read: രാഹുൽ ഗാന്ധിയുടെ ഇടപെടൽ ഫലം കണ്ടു; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്‍റെ കുടുംബത്തിന് കർണാടകയുടെ ധനസഹായം
വനത്തിൻ്റെ സ്വാഭാവിക സന്തുലിതാവസ്ഥ നഷ്‌ടപ്പെടുന്ന തരത്തിലേക്ക് വളരുന്ന വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ നടപടിയെടുക്കേണ്ടത് ആവശ്യമാണ്. ഇരകൾക്ക് അടിയന്തരമായി നഷ്‌ടപരിഹാരം നൽകാനും, വന്യമൃഗങ്ങളുടെ ആക്രമണം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാനും കെസിബിസി സർക്കാരിനോട് ആവശ്യപ്പെട്ടു.