എറണാകുളം : പ്രകടനപത്രികയെ അട്ടിമറിച്ച മദ്യനയം ചെറുത്തു തോല്‍പിക്കുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. സർക്കാറിൻ്റെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കെസിബിസി മദ്യവിരുദ്ധ സമിതി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്.
അധികാരത്തിലേറിയാല്‍ ഒരുതുള്ളി മദ്യം പോലും കൂടുതലായി അനുവദിക്കില്ലായെന്ന 'പ്രകടന' പത്രികയിറക്കി പൊതുജനത്തെ കബളിപ്പിച്ച് അധികാരത്തിലേറിയവര്‍ മദ്യപ്രളയം സൃഷ്‌ടിച്ച് ജനദ്രോഹം തുടരുകയാണെന്നും ഇതിനെ ചെറുത്തുതോല്‍പിക്കുമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിമാരായ ഫാ ജോണ്‍ അരീക്കലും പ്രസാദ് കുരുവിളയും സംയുക്ത പ്രസ്‌താവനയില്‍ മുന്നറിയിപ്പ് നല്‍കി.
സമര്‍ഥരും വിദഗ്‌ധരുമായ ജീവനക്കാര്‍ക്ക് ബുദ്ധിഭ്രമം ഉണ്ടാക്കുവാനാണോ ഐടി പാര്‍ക്കുകളില്‍ മദ്യവില്‍പനയ്ക്ക് അനുമതി നൽകുന്നതെന്നും കെസിബിസി മദ്യവിരുദ്ധ സമിതി ആശങ്ക പ്രകടിപ്പിച്ചു. കുടുംബങ്ങളിലും പൊതുസമൂഹത്തിലും സമാധാനാന്തരീക്ഷം ഉണ്ടാക്കുവാനും സാമ്പത്തിക നഷ്‌ടം ഉണ്ടാകാതിരിക്കുവാനുമായി ഏര്‍പ്പെടുത്തിയിരുന്ന 'ഡ്രൈ ഡേ' പിന്‍വലിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് അധികാരികള്‍ പൊതുസമൂഹത്തോട് വിളിച്ചുപറയണമെന്നും അവർ ആവശ്യപ്പെട്ടു.