കേരളം

kerala

ETV Bharat / state

വെര്‍ച്വല്‍ ക്യൂവിനോടൊപ്പം കെഎസ്ആര്‍ടിസി ടിക്കറ്റും നല്‍കും; ശബരിമല തീർഥാടനത്തിന് പുതിയ പദ്ധതികളുമായി കെ ബി ഗണേഷ് കുമാര്‍

ശബരിമല ദർശനത്തിനായി തീർഥാടകർക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനോടൊപ്പം കെഎസ്ആർടിസി ബസുകളുടെ ഓൺലൈൻ ബുക്കിങ് സംവിധാനം ഒരുക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു.

SABARIMALA KSRTC BOOKING  ശബരിമല വാർത്തകൾ  ശബരിമല വെര്‍ച്വല്‍ ക്യൂ  KSRTC BOOKING TO SABARIMALA
Review Meeting Of Sabarimala Preparations (ETV Bharat)

By ETV Bharat Kerala Team

Published : 5 hours ago

പത്തനംതിട്ട: ശബരിമല തീർഥാടകര്‍ക്കായി വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനോടൊപ്പം കെഎസ്ആര്‍ടിസി ബസുകളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനം ഏര്‍പ്പാടാക്കും. ദര്‍ശനം ബുക്ക് ചെയ്യുമ്പോള്‍ ബസ് ടിക്കറ്റെടുക്കാനുള്ള ലിങ്കും അതിനൊപ്പമുണ്ടാകും. ശബരിമല ഒരുക്കങ്ങളുടെ അവലോകനത്തിനായി പമ്പ ശ്രീരാമ സാകേതം ഹാളില്‍ ഗതാഗത വകുപ്പു മന്ത്രി ഗണേഷ് കുമാറിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇ തീരുമാനം.

40 പേരില്‍ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് തന്നെ സീറ്റ് ബുക്ക് ചെയ്യാനാകും. സ്‌റ്റേഷനില്‍ നിന്നും 10 കിലോമീറ്ററിനകത്തു നിന്നുള്ള സ്ഥലത്താണെങ്കില്‍ ബസ് അവിടെ ചെന്ന് ഭക്തരെ കയറ്റുമെന്ന് മന്ത്രി അറിയിച്ചു.

മന്ത്രി കെബി ഗണേഷ് കുമാര്‍ സംസാരിക്കുന്നു (ETV Bharat)

നിലയ്ക്കല്‍ ടോളില്‍ ഫാസ്‌റ്റ് ടാഗ് സംവിധാനം ഏര്‍പ്പെടുത്തും. ഓട്ടോമേറ്റഡ് വെഹിക്കിള്‍ കൗണ്ടിങ്ങ് സിസ്‌റ്റം, ഓട്ടോമേറ്റഡ് വെഹിക്കിള്‍ നമ്പര്‍ പ്ലേറ്റ് ഡിറ്റക്ഷന്‍ സിസ്‌റ്റം എന്നിവ സജ്ജമാക്കുമെന്നും ശബരിമലയില്‍ എത്തുന്ന വാഹനങ്ങളുടെ കൃത്യമായ എണ്ണം ഇതോടെ ലഭ്യമാകുമെന്നും മന്ത്രി കൂട്ടിചേർത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തീർഥാടനത്തിന്‍റെ ആദ്യ ഘട്ടത്തില്‍ 383 ബസുകളും രണ്ടാം ഘട്ടത്തില്‍ 550 ബസുകളും ക്രമീകരിച്ചു. തെരക്ക് അനുസരിച്ച് ബസുകള്‍ വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. അര മിനിറ്റ് ഇടവിട്ട് 200 ബസുകള്‍ നിലക്കല്‍- പമ്പ റൂട്ടിൽ സര്‍വീസ് നടത്തും. ത്രിവേണി യു ടേണ്‍, നിലയ്ക്കല്‍ സ്‌റ്റേഷനുകളില്‍ ഭക്തജനങ്ങള്‍ക്ക് ബസില്‍ കയറാന്‍ പാര്‍ക്കിങ് സ്ഥലത്ത് തന്നെ ബാരിക്കേഡ് സ്ഥാപിക്കും. പമ്പ യു ടേണ്‍ മുതല്‍ കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷന്‍ വരെ റോഡിന്‍റെ ഇരുവശങ്ങളിലും സ്വകാര്യവാഹനങ്ങളുടെ നിയമവിരുദ്ധ പാര്‍ക്കിങ്ങ് നിരോധിക്കുമെന്നും മന്ത്രി അറിയിച്ചു.

പമ്പയില്‍ നിന്നും ആവശ്യത്തിന് ഭക്തജനങ്ങള്‍ ബസില്‍ കയറി നിറഞ്ഞാൽ പിന്നീട് നിലയ്ക്കലേക്ക് പോകാതെ നേരിട്ട് ലക്ഷ്യസ്ഥാനത്തേയ്ക്ക് തിരിക്കും. മോട്ടോര്‍ വെഹിക്കള്‍ വകുപ്പിന്‍റെ 20 സ്‌ക്വാഡുകള്‍ 250 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തിലുണ്ടാകും. എന്തങ്കിലും അപകടം സംഭവിച്ചാല്‍ ഏഴ് മിനിറ്റിനുള്ളില്‍ സംഭവ സ്ഥലത്ത് എത്തും. അപകട രഹിത യാത്രയ്ക്കായി ഡ്രൈവര്‍മാരെ ബോധവല്‍ക്കരിക്കുന്നതിനായി ആറു ഭാഷകളിലായി പ്രമോ വീഡിയോ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ഇലക്‌ട്രിക്ക് വാഹനങ്ങളാണ് പട്രോളിങ്ങിന് ഉപയോഗിക്കുന്നത്. അപകടമേഖലയായ വിളക്കുവഞ്ചി, മണ്ണാറകുളിഞ്ഞി സ്ഥലങ്ങളില്‍ റിഫ്‌ളക്‌ടറുകള്‍ സ്ഥാപിക്കും. തമിഴ്‌നാട്ടിൽ നിന്നെത്തുന്ന ഭക്തര്‍ക്കായി ആര്യങ്കാവില്‍ നിന്ന് പമ്പയിലേക്ക് ബസ് സര്‍വീസ് ഏര്‍പ്പാടാക്കുമെന്നും മന്ത്രി പറഞ്ഞു. റാന്നി എംഎല്‍എ പ്രമോദ് നാരായണ്‍, ജില്ലാ കളക്‌ടര്‍ എസ് പ്രേംകൃഷ്‌ണന്‍, ശബരിമല എഡിഎം അരുണ്‍ എസ്.നായര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റെ് രാജി പി. രാജപ്പന്‍, ജില്ലാ പൊലിസ് മേധാവി വി. ജി.വിനോദ് കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തമിഴ്‌നാട് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.

Also Read : ഇരുമുടിക്കെട്ടില്‍ കർപ്പൂരവും ചന്ദനത്തിരിയും വേണ്ട; മാർഗനിർദ്ദേശങ്ങളുമായി ദേവസ്വം ബോർഡ്

ABOUT THE AUTHOR

...view details