കട്ടപ്പന ഇരട്ടക്കൊലപാതകം പ്രതി നിധീഷ് ഇടുക്കി :ദുർമന്ത്രവാദത്തിന്‍റെയും ആഭിചാരക്രിയകളുടെയും പകപോക്കലിന്‍റെയും കഥ പറയുന്ന മഹാമാന്ത്രികം. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നിരവധി വായനക്കാരെ നേടിയെടുത്ത മഹാമാന്ത്രികം എന്ന നോവലിന്‍റെ രചയിതാവ് കട്ടപ്പന ഇരട്ട കൊലപാതക കേസിലെ മുഖ്യ പ്രതി നിധീഷ് ആണ്.
ദുരൂഹതകൾ ഏറെയുണ്ട് കട്ടപ്പന ഇരട്ട കൊലപാതക കേസിൽ. സിനിമാ കഥകളെ വെല്ലുന്ന സംഭവങ്ങൾ. ദൃശ്യം സിനിമയിലെ പോലെ തന്നെ മൃതദേഹം കുഴിച്ചിടുകയും പിന്നീട് മാറ്റുകയും ചെയ്‌തതടക്കമുള്ള സംഭവങ്ങൾ ഈ കേസിലുണ്ട്.
സിനിമയിലെ പോലെ തന്നെ ഒരു നോവലും നിധീഷ് എഴുതിയിട്ടുണ്ട്. ഓൺലൈൻ എഴുത്ത് കൂട്ടായ്‌മയായ പ്രതിലിപിയിലാണ് 2018 ൽ നിധീഷ് മഹാമാന്ത്രികം എന്ന നോവൽ പ്രസിദ്ധീകരിക്കാൻ ആരംഭിച്ചത്. ആറ് അധ്യായങ്ങൾ മാത്രം പ്രസിദ്ധീകരിച്ച നോവൽ പൂർത്തീകരിച്ചിട്ടില്ല.
നോവലിന്‍റെ തുടക്കം മുതൽ നിർത്തുന്നിടം വരെ അടിമുടി ദുർമന്ത്രവാദവും ആഭിചാരക്രിയകളും പകപോക്കലുമാണ് വിവരിക്കുന്നത്. നിഷ്‌കളങ്കയായ പെൺകുട്ടിയെ കളങ്കിതയാക്കിയതിനെ തുടർന്ന്, ബുദ്ധിഭ്രമം ബാധിച്ചതും പെൺകുട്ടിയെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ദുർമന്ത്രവാദിയും അയാൾക്കെതിരെ പ്രവർത്തിച്ച് പെൺകുട്ടിയെ മോചിപ്പിക്കാൻ ശ്രമിക്കുന്ന മറ്റൊരു മന്ത്രവാദിയുമാണ് നോവലിന്‍റെ ഇതിവൃത്തം.
മന്ത്രവാദത്തിലൂടെ ചുടലരക്ഷസിനെ വിളിച്ചു വരുത്തുന്നതും, താന്ത്രിക വിദ്യകളുമെല്ലാം നോവലിൽ പ്രതിപാതിച്ചിട്ടുണ്ട്. അരലക്ഷത്തോളം ആളുകളാണ് ഈ നോവൽ വായിച്ചിട്ടുള്ളത്. നിധീഷിന്‍റെ അക്കൗണ്ടിന് 2200 ഓളം ഫോളോവേഴ്‌സും ഉണ്ട്. എഴുത്തുകാരനെ അഭിനന്ദിച്ചും ബാക്കി കഥ എഴുതാൻ ആവശ്യപ്പെട്ടും കഥാകൃത്തിനെ നേരിട്ട് കാണാൻ ആഗ്രഹം പ്രകടിപ്പിച്ചും നിരവധി കമന്‍റുകൾ ഉണ്ട്.
നോവൽ എഴുതി എന്നത് മാത്രമല്ല ദൃശ്യം സിനിമയിലെ പോലെ തന്നെ നിരവധി സാദൃശ്യങ്ങൾ ഈ കേസിൽ ഉണ്ട്. വിജയനെ കൊലപ്പെടുത്തി വീട്ടിൽ കുഴിച്ചിടുകയായിരുന്നു. 2016 ൽ കൊലപ്പെടുത്തി കുഴിച്ചിട്ട നവജാത ശിശുവിന്‍റെ മൃതദേഹം പിന്നീട് ഇവിടെ നിന്നും എടുത്തു കത്തിച്ചെന്നും ജലാശയത്തിൽ ഒഴുക്കി എന്നും പ്രതി മൊഴി മാറ്റിയിരുന്നു.
മോഷണ കേസിൽ കൂട്ടു പ്രതി അറസ്‌റ്റിലായപ്പോൾ താൻ കൊച്ചിയിലാണെന്ന് വിശ്വസിപ്പിക്കാൻ ഇയാൾ ബസ് ടിക്കറ്റും പൊലീസിനെ കാണിച്ചു. മഹാമന്ത്രികം കൂടാതെ രണ്ട് നോവലുകൾ കൂടി നിതീഷ് പ്രസിദ്ധീകരിച്ചുണ്ട്. ഇവയും പൂർത്തികരിച്ചിട്ടില്ല. എഴുതി അവസാനിപ്പിക്കാത്ത നോവലുകൾ ബാക്കിയാക്കി മറ്റൊരു മുഖവുമായി കഴിയുമ്പോഴാണ്, മണ്ണോടു ചേർന്നെന്ന് കരുതിയിരുന്ന ക്രൂരകുറ്റകൃത്യങ്ങൾ ഒരു മോഷണത്തിലൂടെ പുറം ലോകം അറിഞ്ഞത്.
ALSO READ : കട്ടപ്പന ഇരട്ടക്കൊലപാതക കേസ്; മുഖ്യപ്രതി നിധീഷ് കൊടും കുറ്റവാളിയെന്ന് പൊലീസ്