കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മൂന്ന് പ്രതികൾക്ക് ജാമ്യം. അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രക്കമ്മിറ്റി പ്രസിഡന്‍റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ, പടക്കത്തിന് തിരികൊളുത്തിയ രാജേഷ് എന്നിവർക്കാണ് ഹോസ്‌ദുർഗ് സിജെഎം കോടതി ജാമ്യം അനുവദിച്ചത്.
സംഭവത്തിൽ എഡിഎമ്മിന്‍റെ അന്വേഷണ റിപ്പോർട്ട് നാളെ (നവംബർ 2) ജില്ലാ കലക്‌ടർ കെ ഇമ്പശേഖറിന് കൈമാറും. ഉപാധികളോടെയാണ് ഹോസ്‌ദുർഗ് സിജെഎം കോടതി മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചത്.
മൂന്ന് പ്രതികളുടെയും പാസ്പോർട്ട് പൊലീസ് സ്‌റ്റേഷനിൽ ഏൽപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പ്രതികൾ നിലവിൽ ഉള്ളതോ സമാനമായതോ ആയ ചുമതലകൾ ഏറ്റെടുക്കരുതെന്നും, ആഴ്‌ചയിൽ രണ്ട് ദിവസം നീലേശ്വരം പൊലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.